റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിട്ടില്ല, എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന് മുമ്പിൽ എത്തിക്കും, അതിൽ സംശയം വേണ്ട; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.

ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. എന്നാൽ ഇപ്പോഴിതാ ഈ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നൽകിയിട്ടുണ്ടെന്നും ‌പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതിനാൽ, റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു.

തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ചു പറഞ്ഞിരുന്നു.

എന്നാൽ റിപ്പോർട്ടിൽ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച കേസുകളിൽ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയ്യാറായി മുമ്പോട്ട് വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകും. എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന് മുമ്പിൽ എത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശവും ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ സ്വകാര്യത കണക്കിലെടുത്ത് ചില വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫ് ഒഴിവാക്കി. 81 മുതൽ 100 വരെയുള്ള പേജുകളിലെ പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധങ്ങളും നീക്കിയിട്ടുണ്ട്.

Vijayasree Vijayasree :