പണ്ട് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ തട്ടിമാറ്റിയ പിണറായി ഈ കൊച്ചു പയ്യനെ ചേര്‍ത്തു നിര്‍ത്തി സെല്‍ഫി എടുത്തു… കമല്‍ തടഞ്ഞപ്പോള്‍ പിണറായി ചെയ്തത്…. എല്ലാറ്റിനും സാക്ഷിയായി മോഹന്‍ലാലും!
പണ്ട് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ തട്ടിമാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോഴിതാ ഒരു കൊച്ചു പയ്യനൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്തിരിക്കുകയാണ്. സെല്‍ഫിയ്ക്ക് പോസ് ചെയ്‌തെന്ന് മാത്രമല്ല ഈ ചിത്രം അദ്ദേഹം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കൊച്ചു കുട്ടി ആരെന്നല്ലേ…പറയാം..
അശാന്ത് കെ. ഷാ എന്നാണ് ഈ കൊച്ചു മിടുക്കന്റെ പേര്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത വിവരം മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കു വച്ചപ്പോള്‍ ഒപ്പമിട്ട ചിത്രം മികച്ച നടന്റെയോ നടിയുടെയോ ഒന്നുമല്ല. ഈ കൊച്ചു മിടുക്കന്റെ ചിത്രമായിരുന്നു. ഇനി അശാന്തിനെ കുറിച്ച് പറയാം. ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് അശാന്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്‌കാരം വാങ്ങാനായി വേദിയിലേക്ക് കയറിയ അശാന്ത് നിഷ്‌കളങ്കതയോടെ ഓടി വന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മോഹന്‍ലാലിനെ ആലിംഗനം ചെയ്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും കെട്ടിപ്പിച്ചു.
എല്ലാവരും ഏറെ ബഹുമാനത്തോടെയും അല്‍പം പേടിയോടെയും കാണുന്ന മുഖ്യമന്ത്രിയെ അശാന്ത് ആലിംഗനം ചെയ്യുന്നത് കണ്ട് സദസ്സ് ഒന്നടങ്കം കയ്യടിച്ചു. അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയ അശാന്ത് വേദിയില്‍ വച്ചു തന്നെ സെല്‍ഫിയെടുക്കാന്‍ ഒരുങ്ങി. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കമലും മറ്റ് അംഗങ്ങളും ചേര്‍ന്ന് അശാന്തിനെ തടഞ്ഞു. എന്നാല്‍ ഇരിപ്പിടത്തില്‍ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് സെല്‍ഫിയെടുത്തു. ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തു നിര്‍ത്തി വീണ്ടും സെല്‍ഫി എടുത്തു. പണ്ടൊരിക്കല്‍ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ തട്ടിമാറ്റിയിട്ടുള്ള പിണറായി അശാന്തിനൊപ്പം സെല്‍ഫി എടുത്തതില്‍ സദസ് ഒന്നടങ്കം നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്. ഈ കാഴ്ച്ചകള്‍ക്കെല്ലാം സാക്ഷിയായി മോഹന്‍ലാലും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
സങ്കുചിത മത, വര്‍ഗീയ താത്പര്യങ്ങള്‍ക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് കഴിയണം. നാല്‍പ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. വര്‍ഗീയത നിര്‍വീര്യമാക്കുന്നതില്‍ കലാ, സിനിമാപ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിര്‍ഭയം കലാപ്രവര്‍ത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്ക് നിലനിര്‍ത്താനാകണം. മാറിയ കാലത്തിന്റെ മൂല്യത്തിനനുസരിച്ച് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നത് നല്ല പ്രവണതയാണ്. ഇത്തരം കലാകാരന്‍മാരിലാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സമൂഹത്തിന്റെ ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ വേണം. ചലച്ചിത്രരംഗത്തിന്റെ പുരോഗമന സ്വഭാവത്തിനുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡുകള്‍. ഉന്നത മാനവമൂല്യം പുലര്‍ത്തുന്ന സൃഷ്ടികള്‍ അംഗീകാരം കിട്ടിയവയില്‍ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിത്.
Pinarayi Vijayan about selfie post