95ാം ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടമാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ കൈവരിച്ചത്. ഇപ്പോഴിതാ ഈ ചിത്രങ്ങളിലെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചത്.
‘രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷം. ഓസ്‌കറില്‍ ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ നേടിയ സുപ്രധാന അവാര്‍ഡുകളുടെ ചരിത്ര നിമിഷമാണിത്. ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമയുടെ പദവി ഉയര്‍ത്തിയ എം എം കീരവാണിയ്ക്കും കാര്‍തികി ഗോണ്‍സാല്‍വസിനും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം’ മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലേക്ക് വീണ്ടുമെത്തിയ ദിനമാണിന്ന്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സും മികച്ച ഗാനമായി ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനവുമാണ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. 95ാം ഓസ്‌കര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇരു ചിത്രങ്ങളെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
‘അസാധാരണം നാട്ടു നാട്ടു എന്ന ഗാനത്തിന്റെ ജനപ്രീതി ആഗോളമാണ്. വര്‍ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഗാനമായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ആനന്ദിക്കുകയൂം അഭിമാനിക്കുകയും ചെയ്യുന്നു’, എന്നാണ് പ്രധാനമന്ത്രി ആര്‍ആര്‍ആറിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്.