കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയായി തിരഞ്ഞെടുക്കപ്പെട്ട് പായൽ കപാഡിയ

2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും പുരസ്‌കാരം സ്വന്തമാക്കുന്നതും. ഇപ്പോഴിതാ വീണ്ടും ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പായൽ കപാഡിയ.

2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറികളിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പായൽ. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയർമാനായ സമിതിയിലാണ് പായൽ കപാഡിയ ഇടംനേടിയിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകർ തിങ്കളാഴ്ചയാണ് വിവരം പുറത്തുവിട്ടത്.

മെയ് 13 മുതൽ 24 വരെയാണ് 78-ാമത് കാൻസ് ചലച്ചിത്രമേള അരങ്ങേറുക. അമേരിക്കൻ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയൻ നടി ആൽബ റോർവാക്കെർ, ഫ്രഞ്ച് മൊറോക്കൻ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിർമാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയൻ സംവിധായകനും തിരക്കഥാകൃത്തുമായ ഹോങ് സാങ്‌സൂ, മെക്‌സിക്കൻ സംവിധായകൻ കാർലോസ് റെഗാഡസ്, അമേരിക്കൻ നടൻ ജെറമി സ്‌ട്രോങ് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

2017ലാണ് പായലിൻറെ കാനിലേക്കുള്ള അരങ്ങേറ്റം. പായലിൻറെ ‘ആഫ്റ്റർനൂൺ ക്ലൗഡ്‌സ് ‘ എന്ന ഹ്രസ്വചിത്രമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 60 വയസായ വിധവയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. 2021ൽ ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്’ എന്ന ഡോക്യുമെൻററിയാണ് കാനിൽ പായലിന് ആദ്യ സമ്മാനം നേടിക്കൊടുക്കുന്നത്. ആ വർഷത്തെ മികച്ച ഡോക്യുമെൻററി ചിത്രത്തിനുള്ള ഗോൾഡൻ ഐ അവാർഡാണ് അന്ന് പായലിനെ തേടിയെത്തിയത്.

Vijayasree Vijayasree :