പട്ടാഭിരാമനില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍ നടക്കുന്നത്; കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ . മലയാളികളുടെ മനസിൽ ജയറാമിന് വമ്പൻ തിരിച്ചു വരവ് നൽകിയെന്ന് മാത്രമല്ല , ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ വരെ അംഗീകാരം ചിത്രം ഇതിനോടകം നേടി കഴിഞ്ഞിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ട നിരവധി കാര്യങ്ങള്‍ പട്ടാഭിരാമന്‍ സിനിയില്‍ പറഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രം വിജയകരമായി രണ്ടാം വാരത്തിൽ കടന്നിരിക്കുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ചും കാന്‍സറിനെ കുറിച്ചും പറയുകയാണ് എറണാകുളം റിനെ മെഡിസിറ്റിയിലെ കാന്‍സര്‍ വിഭാഗം മേധാവിയും കാന്‍സര്‍ സര്‍ജനുമായ ഡോ. തോമസ് വര്‍ഗീസ്.

” കേരളത്തിന്റെ ഇന്നത്തെ അവസ്ഥ നോക്കിയാല്‍ പാത്രങ്ങളില്‍ വിഷം കഴിക്കുന്നവരാണ് നമ്മളെന്നു പറയേണ്ടി വരും. ഇതിനു വളരെ പ്രാധാന്യം കൊടുത്തുള്ള ഒരു സിനിമയാണ് പട്ടാഭിരാമന്‍. പട്ടാഭിരാമനില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഇന്ന് സമൂഹത്തില്‍ നടക്കുന്നതാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ കാന്‍സറിനു പ്രധാന കാരണമാണ്. വിഷാംശമുള്ള ഭക്ഷണം ധാരാളം ഉള്ളിലെത്തുമ്പോൾ കോശങ്ങള്‍ക്കുള്ളിലുള്ള ജെനിറ്റിക് മെറ്റീരിയിലായ ഡിഎന്‍എയ്ക്ക് ഇതിലുള്ള കാന്‍സര്‍ സാധ്യതയുള്ള കാര്‍സിനോജനുകളായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനാകാത്ത അവസ്ഥ സംജാതമാകും.ഇങ്ങനെ രൂപപ്പെട്ട ഒരു കോശം കാന്‍സര്‍ കോശമായി മാറുകയും അത് ശരീരത്തില്‍ പലയിടങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.- ഡോക്ടർ പറഞ്ഞു.

ഭക്ഷണത്തിലെ മായം ഒരു ആഗോളപ്രതിഭാസം തന്നെയാണ്. എങ്കിലും നമ്മുടെ നാട്ടില്‍ ഇത് കൂടുതലായി കണ്ടുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്ന സമയം മുതല്‍ അതു വളര്‍ന്ന് ചെടിയായി മാറി പൂവിടുന്ന സമയം മുതല്‍ അതില്‍ കീടനാശിനി പ്രയോഗം നടത്തും. ഇത് കായ്ഫലമാകുമ്പോഴേക്കും പാക്ക് ചെയ്ത് വിപണിയിലെത്തുമ്ബോഴുമെല്ലാം ഈ കീടനാശിനിയുടെ ഫലം അതിലുണ്ടാകും. ഇതെല്ലാം കാന്‍സറിലേക്കു നയിക്കുന്ന കാരണങ്ങളാണ്” – ഡോക്ടര്‍ വ്യക്തമാക്കി.

ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്.


മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ് സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

pattabhiraman- Doctor talks about movie

Noora T Noora T :