ഷാരൂഖ് ഖാന്റെ ‘ബേശരം രംഗ്’ കോപ്പിയടി; ‘പത്താന്‍’ ചിത്രം വീണ്ടും വിവാദത്തില്‍

ഷാരൂഖ് ഖാന്റെ ‘പത്താന്‍’ എന്ന ചിത്രത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമയിലെ ‘ബേശരം രംഗ്’ എന്ന ഗാനം കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തെത്തിയിരുന്നു. ഇതോടെ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ വരെ വന്നിരുന്നു. ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി കളറിലുള്ള ബിക്കിനി അണിഞ്ഞതിനെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ വന്നത്.

എന്നാല്‍ ഇപ്പോഴിതാ ഗാനത്തിനെതിരെ പുതിയൊരു ആരോപണവും കൂടി വന്നിരിക്കുകയാണ്. ഈ ഗാനം കോപ്പിയടിയാണ് എന്നാണ് പലരും പറയുന്നത്. ജെയിനിന്റെ ഫ്രഞ്ച് ഗായികയും സംഗീതജ്ഞയുമായ ജെയിനിന്റെ ‘മകേബ’ എന്ന ഗാനത്തിന്റെ ബീറ്റ് ആണ് ബേശരം രംഗ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് ഗാനങ്ങളുടെയും വീഡിയോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ പലരും എത്തുന്നത്. ബേശരം ഗാനത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഫുള്‍ മകേബ ഗാനത്തിന്റെ കോപ്പിയാണ് എന്നാണ് ഇക്കൂട്ടര്‍ ആരോപിക്കുന്നത്. ഈ ബീറ്റ് എവിടെയോ കേട്ടിട്ടുണ്ടെന്ന് തോന്നിയപ്പോഴാണ് മകേബ ആണെന്ന് മനസിലായത് എന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം ഗാനം ഇതിനകം 2.1 കോടിയിലേറെ കാഴ്ചകള്‍ നേടിയിട്ടുണ്ട്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍ ദദ്‌ലാനി ആണ് സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത്. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്‌റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ഷാരൂഖ് ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജനുവരി 25 ന് ആണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും.

Vijayasree Vijayasree :