മുഖ്യമന്ത്രീ, ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ കഴിഞ്ഞുള്ളു; എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് ?’; പാർവതി തിരുവോത്ത്

മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി വലിയ പ്രയത്നങ്ങൾ പാർവതിയും ഡബ്ല്യുസിസി അം​ഗങ്ങളും നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്ത് വിടാൻ ഹേമ കമ്മിറ്റിയോ സർക്കാരോ തയ്യാറായിരുന്നില്ല.

ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷം ആയല്ലോ, എന്തെങ്കിലും തീരുമാനം ആയോ എന്നാണ് പാര്‍വതി മുഖ്യമന്ത്രിയോട് ചോദിച്ചത്. മാത്രമല്ല കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി.

”എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമോ? സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത്? വലിയ തിരക്കൊന്നുമില്ല കേട്ടോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ കഴിഞ്ഞുള്ളു,’’– പാർവതി കുറിച്ചു.

Vismaya Venkitesh :