അമ്മയെ ചോദ്യം ചെയ്യണമെന്ന് ആഗ്രഹമുളള അംഗങ്ങള്‍ സംഘടനയിലുണ്ട് ; ചോദ്യം ചെയ്താൽ സിനിമ കിട്ടാതെ വരുമെന്നുള്ള പേടി

താരസംഘടനയായ അമ്മയെ ചോദ്യം ചെയ്യണമെന്ന് ആഗ്രഹമുളള അംഗങ്ങള്‍ ആ സംഘടനയില്‍ ഉണ്ടെന്നും എന്നാല്‍ ചോദ്യം ചെയ്താല്‍ അടുത്ത സിനിമ കിട്ടാതെ വരുമോ എന്ന പേടിയാണ് അവര്‍ക്കെന്നും നടി പാര്‍വതി തിരുവോത്ത്.

മലയാള മനോരമ വാര്‍ഷിക പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് പാര്‍വതി താരസംഘടനയെയും ഡബ്ല്യുസിസിയെ കുറിച്ചും സംസാരിക്കുന്നത്.

താരസംഘടനയെ എഎംഎംഎ എന്ന് മാത്രമേ ഇനിയും പറയുകയുളളൂ. വിമന്‍ ഇന്‍ സിനിമ കളക്ടീവ് (WCC) ആ പേരിലാണ് അറിയപ്പെടേണ്ടത്. അതിനെ ചേച്ചി, അനിയത്തി, അമ്മായി എന്നൊന്നും വിളിക്കേണ്ട കാര്യമില്ല

ഖരീബ് ഖരീബ് സിംഗിളില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു ഷോട്ടിന്റെ ഇടയിലാണ് റിമ കല്ലിങ്കലിന്റെ ഫോണ്‍ വരുന്നതും ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തെ പറ്റി ഞാന്‍ അറിയുന്നതും. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. നമ്മള്‍ക്കൊന്ന് ഒരുമിച്ച് ഇരുന്ന് സംസാരിക്കണം എന്നാണ് റിമ പറഞ്ഞത്. അങ്ങനെ 21 പേരുടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടായി. അതാണ് രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയായും ഡബ്ല്യുസിസിയായും മാറിയത്. മാറ്റത്തിന് തുടക്കം കുറിയ്ക്കുന്ന കൂട്ടായ്മയാകുകയാണ് വേണ്ടത് എന്നാണ് തീരുമാനിച്ചത്.

ആദ്യം ചെയ്തത് മുഖ്യമന്ത്രിയെ കാണുകയായിരുന്നു. സിനിമയിലെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ നിലവില്‍ വന്നത് ഡബ്ല്യുസിസിയുടെ ഇടപെടല്‍ കാരണമാണ്. അംഗങ്ങളുടെ സുരക്ഷിതത്വം അസോസിയേഷനുകളുടെ ഉത്തരവാദിത്തമാണ്. അതിപ്പോള്‍ ഇല്ല. അക്കാര്യം അംഗീകരിക്കാന്‍ പോലും പലരും തയ്യാറല്ല. ഇതിന്റെ ആവശ്യമില്ല എന്ന് പറയുന്നവരാണ് പല സംഘടനകളുടെയും തലപ്പത്ത്. അതുകൊണ്ട് ബോധവത്കരണത്തിലാണ് ഡബ്ല്യുസിസി ആദ്യം ശ്രദ്ധവെച്ചത്. സര്‍ക്കാരിന് ഇത്രയധികം നികുതി വരുമാനം കൊടുക്കുന്ന ഒരു ഇന്‍ഡസ്ട്രിയുടെ നേര്‍പകുതി സ്റ്റേക് ഹോള്‍ഡര്‍മാരാണ് സ്ത്രീകള്‍. പി.കെ റോസി മുതല്‍ ഇന്ന് സജീവമായ അഭിനേതാക്കളുടെ വരെ സംഭാവന വളരെ പ്രധാനമാണ്.

സിനിമയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഡബ്ല്യുസിസി നിരന്തരമായി എഴുതുന്നുമുണ്ട്. പക്ഷേ ഈ റിപ്പോര്‍ട്ടിനെപ്പറ്റി സിനിമയിലെ മറ്റ് സംഘടനകളുടെ നിശബ്ദത ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആ റിപ്പോര്‍ട്ട് എവിടെ എന്ന് എന്തുകൊണ്ട് എഎംഎംഎയോ, ഫെഫ്കയോ, മാക്ടയോ ചോദിക്കുന്നില്ല. സിനിമയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്തുകൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല?. അപ്പോള്‍ എന്തോ പ്രശ്‌നമുണ്ട് എന്നല്ലേ അര്‍ത്ഥം. സര്‍ക്കാരിലെ ഒരു പദവി വഹിക്കുന്ന സംവിധായകനെതിരെയും ഒരു പരസ്യ ഏജന്‍സിയുടെ പ്രധാന ആളിനെതിരെയും പെണ്‍കുട്ടികള്‍ പരാതി കൊടുത്തതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സിനിമയില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നാണ് സര്‍ക്കാരിനോടുളള ഞങ്ങളുടെ അഭ്യര്‍ത്ഥന.

Noora T Noora T :