നികുതിപ്പണം അടിസ്ഥാന ആവശ്യങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സുരക്ഷിതമായ മാര്‍ഗള്‍ക്കുമായി വിനിയോഗിക്കൂ.., എന്നിട്ട് റോക്കറ്റ് വിടാം; പാര്‍ത്ഥിപന്‍

മിഷോങ് ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങള്‍ ദുരിതത്തിലാഴ്ന്നിരുന്നു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്നേയുള്ളൂ. ഈ അവസരത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ആര്‍. പാര്‍ത്ഥിപന്‍. കഴിഞ്ഞദിവസം ജനങ്ങള്‍ നേരിട്ട ദയനീയാവസ്ഥ തന്നെ വല്ലാതെ തളര്‍ത്തിയെന്ന് പാര്‍ത്ഥിപന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ചെന്നൈയില്‍ മാത്രമല്ല, മുംബൈയിലും ഇതാണ് അവസ്ഥയെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു. അതിസമ്പന്നരായ മുതലകള്‍ റോഡിലൂടെ സഞ്ചരിക്കുന്ന നാടെന്നാണ് മുംബൈയെ താരം വിശേഷിപ്പിച്ചത്. ഇന്ത്യ ഒരു സ്വയംപര്യാപ്ത രാജ്യമാണ്! ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങളയച്ച് അവിടെ വെള്ളമുണ്ടോ എന്നറിയാന്‍ എന്തിനാണ് കോടികള്‍ ചെലവിടുന്നത്?

അടിസ്ഥാന ആവശ്യങ്ങള്‍, തൊഴിലവസരങ്ങള്‍, റോഡ് സൗകര്യങ്ങള്‍, ശുദ്ധവായു, പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സുരക്ഷിതമായ മാര്‍ഗം, വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് ആര്‍ക്കുമുന്നിലും കൈനീട്ടാതെ അന്തസ്സോടെ ജീവിക്കാനുള്ള സഹായം. അതിനായി നികുതിപ്പണം മുഴുവന്‍ വിനിയോഗിക്കുക, എന്നിട്ട് റോക്കറ്റ് വിടാം എന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു.

‘ഒരു ഖനിയില്‍ കുടുങ്ങിയ 41 ജീവനുകള്‍ രക്ഷപ്പെട്ടപ്പോള്‍ ഞങ്ങള്‍ എത്രയോ ആശ്വസിച്ചു. എന്നാല്‍ ഇന്ത്യയെന്ന ഖനിക്കുള്ളില്‍ നിന്ന് ഇത്രയും കോടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിന്റെ അപകീര്‍ത്തിയില്‍ എന്തിനാണ് സ്വാതന്ത്ര്യദിന മിഠായികളും റിപ്പബ്ലിക്കന്‍ ബൈക്ക് സാഹസിക ആഘോഷച്ചെലവും?

റേഷനരി വാങ്ങാന്‍ കഴിയാതെ വരുമ്പോള്‍ എന്തിനാണ് ഒരു ഫാഷന്‍ ഷോ നടത്തുന്നത്? ഇതുപോലുള്ള നൂറായിരം ചോദ്യങ്ങളില്‍ ഉറക്കം നഷ്ടപ്പെട്ടു. ഞാന്‍ കീര്‍ത്തനയോട് പറയുകയായിരുന്നു… അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പറക്കും കാറുകള്‍ (ഇപ്പോള്‍ ഫ്‌ലോട്ടിംഗ് കാറുകള്‍) പോലെയുള്ള അത്ഭുതകരമായ സംഭവവികാസങ്ങള്‍ കാണുമെന്ന്.’ നടന്‍ കുറിച്ചു.

രാഷ്ട്രീയക്കാരെയല്ല, സാമ്പത്തിക രാഷ്ട്രീയത്തെയാണ് താന്‍ കുറ്റപ്പെടുത്തുന്നത്. അത് ശരിയാക്കാന്‍ ദര്‍ശനബുദ്ധിയുള്ള നിസ്വാര്‍ത്ഥര്‍ വരണം! ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. തെറ്റുണ്ടായിരിക്കാം. അപകടസാധ്യത കുറയ്ക്കാന്‍ ഇന്ന് നമുക്ക് കഴിയുന്നത് ചെയ്യാം എന്നുപറഞ്ഞുകൊണ്ടാണ് പാര്‍ത്ഥിപന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Vijayasree Vijayasree :