‘ഞാൻ യെസ് പറഞ്ഞു’; നടി പരിനീതി ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

ബോളിവു‍ഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ‘‘ഞാൻ യെസ് പറഞ്ഞു’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പരിനീതി പങ്കുവച്ചത്.

വെള്ള നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്.ബോളിവു‍ഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രം​ഗത്തെ പ്രമുഖർ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു.

1988 ഒക്ടോബർ 22ന് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛൻ പവൻ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവർ ബന്ധുക്കളാണ്.

2011-ൽ, രൺവീർ സിങ്, അനുഷ്‌ക ശർമ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്സൂൾ ഗിൽ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ. മുതിർന്ന എഎപി നേതാവും എംപിയുമാണ് രാഘവ് ഛദ്ദ.

Noora T Noora T :