സമീപകാലത്ത് മലയാള സിനിമയില്‍ നിന്ന് പുറത്തെത്തി നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ സിനിമയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ എന്ന ചിത്രം. വളരെ റിയലിസ്റ്റിക് ആയ അഭിനയം കൊണ്ടും മേക്കിങ് കൊണ്ടും സിനിമ ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. കൂടാതെ ചിത്രം നിരവധി അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാനിയന്‍ സംവിധായകന് പനാ പനാഹി. ഇറാന് ഭരണകൂടം വേട്ടയാടുന്ന വിഖ്യാത സംവിധായകന് ജാഫര്‍ പനാഹിയുടെ മകനാണ് സംവിധായകന് കൂടിയായ പനാ പനാഹി.
തരുണിന്റെ സിനിമ വളരെയേറെ ഇഷ്ടപ്പെട്ടെന്നും ഭാവിയില്‍ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങുമെന്നുമായിരുന്നു പനാ പനാഹി തരുണിന് അയച്ച സന്ദേശത്തില്‍ പറഞ്ഞത്. ഫേയ്സ്ബുക്കിലൂടെ തരുണ്‍ തന്നെയാണ് പനാ പനാഹിയുടെ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
‘വാസ്തവത്തില്‍ നിങ്ങള്‍ക്ക് മറുപടി അയക്കാനും നിങ്ങളുടെ സിനിമയിലെ സംവിധാനം എത്രത്തോളം ഇഷ്ടപ്പെട്ടു എന്ന് പറയാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു നീണ്ട യാത്രയിലായതിനാലാണ് വൈകിയത്. സിനിമയിലെ കാസ്റ്റിംഗ്, രംഗ സംവിധാനം എല്ലാം ഉയര്‍ന്ന നിലവാരമുള്ളതായിരുന്നു. ഭാവിയില്‍ നിങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തിളങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സിനിമയില്‍ അര മണിക്കൂറോളം, രണ്ടാം പകുതിയില്‍ വെട്ടിച്ചുരുക്കുകയും ചില സീനുകളിലെ പശ്ചാത്തല സംഗീതം ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ സിനിമ വളരെ മികച്ചത് ആവുമായിരുന്നു. നിങ്ങളുടെ സിനിമ കണ്ടതില്‍ വളരെ സന്തോഷം.’ പനാ പനാഹി സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു.
ഹിറ്റ് ദി റോഡ്, 3 ഫേസസ്, ഡയസ് ഡി സിനി എന്നീ സിനിമകളാണ് പനാ പനാഹി സംവിധാനം ചെയ്ത ചിത്രങ്ങള്‍. സൗദി വെള്ളക്ക ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും, ഗോവയിലെ ഐ. എഫ്നി. എഫ്ര. ഐ ഉള്‍പ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു