കഴിഞ്ഞ ദിവസമായിരുന്ന് ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇതിൽ മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിക്കാത്തതിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. രണ്ടിടത്തും മമ്മൂട്ടി ഫൈനൽ റൗണ്ടിൽ എത്തിയെന്നും കനത്ത മത്സരമാണ് നടക്കുന്നതെന്നുമായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‌ട്ടുകൾ. സംസ്ഥാന തലത്തിൽ പൃഥ്വിരാജും മമ്മൂട്ടിയുമാണ് ഫൈനലിൽ എത്തിയതെന്നും ദേശീയ തലത്തിൽ റിഷഭ് ഷെട്ടിയും മമ്മൂട്ടിയുമാണ് കടുത്ത പോരാട്ടത്തിലെന്നുമായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒടുവിൽ വരെ പ്രചരിച്ചിരുന്ന വാർത്തകൾ.
എന്നാൽ മമ്മൂട്ടിയുടെ ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനും തെന്നിന്ത്യൻ സിനിമ ജൂറി അംഗം കൂടിയായിരുന്ന പത്മകുമാർ. മമ്മൂട്ടി സാറിന് അവാർഡ് കൊടുക്കാത്തതിന്റെ പേരിൽ മോശം കമന്റുകളാണ് വരുന്നത്. അദ്ദേഹത്തെ മനഃപൂർവം തഴഞ്ഞുവെന്നാണ് കമന്റുകൾ വരുന്നത്.
എനിക്ക് ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. ഈ അവാർഡ് പ്രഖ്യാപന കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. സൗത്ത് ജൂറിയിൽ ഞാനും അംഗമാണ്. എന്റെ മുന്നിൽ മലയാളത്തിൽ നിന്നുള്ള സിനിമകൾ വന്നതാണ്. ഞാൻ ആദ്യമായാണ് ഒരു നാഷണൽ ജൂറിയിൽ പോകുന്നത്. അതുകൊണ്ടുതന്നെ വളരെ ഗൗരവമായാണ് അതിനെ സമീപിച്ചതും.
നഷ്ടപ്പെട്ടുപോയ സിനിമ തിരിച്ചുവിളിച്ച സംഭവം വരെ ജൂറിയിൽ ഉണ്ടായിട്ടുണ്ട്. അതെനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇത്രയധികം ശ്രദ്ധിച്ചിട്ടും എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്നായിരിക്കും എല്ലാവരുടെയും ചോദ്യം. അതിന് ഉത്തരമുണ്ട്. 2022ൽ കേരളത്തിൽ നിന്നും സൗത്തിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. ഈ ലിസ്റ്റ് മമ്മൂട്ടി സാറിന്റെ ഒരു സിനിമയും ഇല്ല.
‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് പടച്ചുവിടുകയാണ്. ‘മമ്മൂട്ടിക്ക് കിട്ടില്ല, മനഃപൂർവം കൊടുക്കില്ല’ എന്നൊക്കെ ചർച്ച ചെയ്യുകയാണ്. ആരാണ് മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത്? എന്നും പത്മകുമാർ പ്രതികരിച്ചു.