നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ എറ്റവും പുതിയ ചിത്രം തുടരും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം തേടിയാണ് ചിത്രം മുന്നേറുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം പ്രേക്ഷകരെ പൂർണ സംതൃപ്തരാക്കിയാണ് പുറത്തെത്തിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹൻലാലിന്റെ പെർഫോമൻസുമെല്ലാം വലിയ കയ്യടി നേടുന്നു. പ്രൊമോഷനുകൾ ഒന്നും അധികം ഇല്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ആരാധകർ ഒന്നടങ്കം ആവേശത്തോടെ കയ്യടിച്ചുകണ്ട ചിത്രമായി മാറിയിരിക്കുകയാണ് തുടരും.
ചിത്രത്തിൽ പ്രമുഖ സംവിധായകനായ പി ചന്ദ്രകുമാറും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ചന്ദ്രകുമാർ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടരും എന്ന ചിത്രത്തിലെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. സെറ്റിൽ വച്ച് ഉണ്ടായ ഒരു സംഭവവും അതിനോട് മോഹൻലാൽ പ്രതികരിച്ച രീതിയും അദ്ദേഹം വെളിപ്പെടുത്തി.
ഒരിക്കലും ഞാൻ തുടരും എന്ന ചിത്രത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ദിവസം അതിന്റെ പ്രൊഡ്യൂസർ രഞ്ജിത് എന്നെ വിളിക്കുന്നു, ചന്ദ്രേട്ടാ ഒരു കാര്യം പറയട്ടെ എന്ന് ചോദിച്ചു. എന്റെ ഡയറക്‌ടർക്ക് ഇപ്പൊ ചെയ്യാൻ പോവുന്ന സിനിമയിലെ ഒരു റോൾ ചന്ദ്രേട്ടൻ ചെയ്‌താൽ കൊള്ളാമെന്ന് ഒരു ആഗ്രഹമുണ്ട്. ഞാൻ അപ്പോൾ തന്നെ ചോദിച്ചു, എന്നെയോ? എന്താണ് അതിന്റെ കാരണമെന്ന്. മധു സാറിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിൽ ഞാനും മോഹൻലാലും ഒപ്പമുണ്ടായിരുന്നു.
അവിടെ വെച്ചാണെന്ന് തോന്നുന്നു എന്റെ രൂപം കണ്ടത്. ഞാൻ പറഞ്ഞു, അവർക്ക് ഓക്കേ ആണെങ്കിൽ എനിക്ക് വിരോധമില്ലെന്ന്. അങ്ങനെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ എറണാകുളത്ത് വരുന്നുണ്ട്, അപ്പോൾ കാണാമെന്ന് പറഞ്ഞു. അവർ തൊടുപുഴ ഷൂട്ടിങ്ങിൽ ആയിരുന്നു. താടിയൊന്നും വടിക്കണ്ട അങ്ങനെ തന്നെ നിന്നോട്ടെ എന്നാണ് പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞിട്ടേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളു, അങ്ങനെ ഞാൻ തിരിച്ചുപോയി.
ഞാൻ പോവുമ്പോൾ തൊടുപുഴ ബസ് സ്‌റ്റാൻഡിൽ മോഹൻലാലിന്റെ ഷൂട്ട് നടക്കുകയായിരുന്നു. ഈ തലമുറയിലെ ആർക്കും എന്നെ അറിയില്ല. അപ്പോൾ ലാൽ എന്നെ കണ്ടതും ഓടി വന്നു,ദേ ചന്ദ്രൻ സാർ എന്ന് പറഞ്ഞു. ഞാനൊരിക്കലും അതൊന്നും പ്രതീക്ഷിച്ചില്ല. സാർ വരുമെന്ന് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയെന്ന് ലാൽ പറഞ്ഞു. നമുക്ക് കാരവനിൽ ഇരിക്കാമെന്ന് പറഞ്ഞു. എന്റെടുത്ത് ഒരു കസേരയിട്ട് ഇരുന്ന് കൊറേ സംസാരിച്ചു.
അപ്പോൾ തരുൺ മൂർത്തി വന്നു, കണ്ടിട്ട് ഓക്കേ പറഞ്ഞു. ഞാൻ പോയി, അപ്പോൾ കാണാം സത്യൻ അന്തിക്കാട് എന്നെ വിളിക്കുന്നു. ചന്ദ്രൻ ഇപ്പോൾ തൊടുപുഴയിൽ പോയിരുന്നോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു പോയിരുന്നുവെന്ന്. ലാൽ എന്നെ ഇപ്പോൾ വിളിച്ചിരുന്നു, സത്യേട്ടാ ഒരു സസ്പെൻസ് ഉണ്ട് പറയട്ടെ, സത്യേട്ടന്റെ ഗുരു ഇതാ എന്റെ അടുത്തുണ്ട്, ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ പോവുകയാണ് എന്ന് പറഞ്ഞു.
എന്റെ അടുത്ത പടത്തിൽ ലാൽ തന്നെയാണ് അഭിനയിക്കുന്നത്, ചന്ദ്രൻ വരണമെന്ന് സത്യൻ പറഞ്ഞു. ഹൃദയപൂർവ്വത്തിൽ ചിലപ്പോൾ ഉണ്ടാവുമായിരിക്കും. കണ്ടിട്ട് ഞാൻ തന്നെയാണോ എന്ന് കൺഫോം ചെയ്യാൻ ഒരുപാട് പേർ എന്നെ വിളിച്ചിരുന്നു. ഒരുപാട് പേർ വിചാരിക്കുന്നത് ഞാനിപ്പോൾ ജീവിച്ചിരിക്കാൻ സാധ്യത ഇല്ലെന്നാണ്. കാരണം മധു, പ്രേം നസീർ ഒക്കെ വച്ച് സിനിമ എടുത്ത ആളാവുമ്പോൾ അവരെക്കാൾ മൂത്ത ആളാവണമല്ലോ.
ആ ധാരണ മാറിയത് തുടരും റിലീസ് ആയപ്പോൾ ആണെന്ന് തോനുന്നു. സത്യമാണത്, പലർക്കും അറിയില്ല. ജീവിതത്തിൽ ഇങ്ങനെയും സംഭവിക്കണം എന്ന് എഴുതിയിട്ടുണ്ടാവും. ഇപ്പൊ എല്ലാരും ചോദിക്കുന്നത് എന്തിനാണ് അഭിനയിക്കാൻ വൈകിയത് എന്നാണ്. പക്ഷേ എനിക്ക് അന്ന് അങ്ങനെ തോന്നിയില്ല. അന്നൊക്കെ അങ്ങനെ ഒരുപാട് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
അത്ര ഡെഡിക്കേറ്റഡ് ആയി താൽപര്യം എടുത്തുകൊണ്ടാണ് സംവിധായകൻ ഓരോ സീനും ചെയ്യുന്നത് എന്ന് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇത്രയും വലിയ വിജയം ആവുമെന്ന് ഞാൻ കരുതിയിരുന്നില്ല. അവിടെ ചെയ്യുന്നതിനെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. ഇന്നത് വേണം, ഇന്നത് എടുക്കണം എന്നൊക്ക അവർക്ക് അറിയാം. ഡബ്ബിങിൽ പോലും അടുത്ത് വന്ന് നിന്നാണ് ചെയ്യിക്കുന്നത്.
തുടരും ലൊക്കേഷനിൽ നടന്ന കാര്യങ്ങൾ ശരിക്കും ഞാൻ എൻജോയ് ചെയ്യുകയായിരുന്നു. അതിൽ എനിക്കൊരു വിഷമവും ഉണ്ടായിരുന്നില്ല. ഒരു മഴയത്ത് കുടയും പിടിച്ചു നിൽക്കുന്ന സീനായിരുന്നു ആദ്യം തന്നെ എനിക്ക് കിട്ടിയത്. അത് അഭിനയിക്കാനായി മണിയൻപിള്ള രാജുവൊക്കെ വന്നിട്ടുണ്ട്. ഞാൻ ഓപ്പോസിറ്റ് നിൽക്കുകയായിരുന്നു. ഒരു അസിസ്‌റ്റന്റ് ഡയറക്‌ടർ എനിക്ക് കുട കൊണ്ട് തന്നു.
ഒരു പെൺകുട്ടിയാണ്, ഇത് പിടിച്ചു നിന്നോളൂ എന്നാണ് പറഞ്ഞത്. ഷോട്ട് കഴിഞ്ഞാൽ അത് താഴെയൊന്നും വയ്ക്കരുത്, കൈയിൽ പിടിച്ചോണം എന്നാണ് പറഞ്ഞത്. ഞാൻ ശരി ഓക്കേ എന്ന് പറഞ്ഞ് മിണ്ടാതെ നിന്നു. രണ്ട് മിനിറ്റായില്ല, അപ്പോഴേക്കും ആർട്ട് അസിസ്‌റ്റന്റ് ഓടി വന്നു, ആരാ നിങ്ങൾക്ക് ഈ കുട തന്നതെന്ന് ചോദിച്ചു. ഇത് ആർട്ടിസ്‌റ്റിനുള്ള കുടയാണെന്ന് പറഞ്ഞു അത് വാങ്ങി പോയി. ജൂനിയർ ആർട്ടിസ്‌റ്റുകൾക്ക് വേറെ കുടയുണ്ടെന്ന് പറഞ്ഞു.
എനിക്ക് കീറിയ ഒരു കുട തന്നു. എനിക്ക് ഭയങ്കര ചിരിയാണ് വന്നത്. പിന്നെ ബ്രേക്ക് ആയിരുന്നു, ഞാൻ കുട അവിടെ വച്ച് ഊണ് കഴിക്കാൻ പോയി. ഞാനും മണിയൻപിള്ള രാജുവുമൊക്കെ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. തിരിച്ചു വന്നപ്പോൾ കുട കാണാനായില്ല. അപ്പോൾ മൂന്നാമത്തെ അസിസ്‌റ്റന്റ് ഡയറക്‌ടർ വന്നു. കുട ഇല്ലന്ന് പറഞ്ഞപ്പോൾ നമുക്ക് ഡീലാക്കാം എന്നാണ് പറഞ്ഞത്.
ഞാൻ ആരാണെന്ന് അവർക്ക് അറിയില്ല. ഈ ഡീലാക്കാം എന്ന് പറയുന്നത് അർത്ഥം എന്താണെന്ന് എനിക്ക് അറിയില്ല. സംവിധായകൻ ഷോട്ട് റെഡിയായെന്ന് പറയുന്നു. ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് പിന്നിലുള്ള ആളോട് കുട വാങ്ങി. നിങ്ങളെ എന്തായാലും ഷോട്ടിൽ കാണില്ലെന്ന് പറഞ്ഞു. എനിക്ക് അറിയാം ഫ്രെയിം എവിടെ ആയിരിക്കുമെന്ന്. അങ്ങനെ ഞാൻ അഭിനയിച്ചു.
കൊറച്ചു കഴിഞ്ഞപ്പോൾ മണിയൻപിള്ള രാജു വന്നിട്ട് ചോദിച്ചു, എന്താ പ്രശ്‌നമെന്ന്. ഞാൻ പറഞ്ഞു കുട്ടികൾക്ക് എന്നെ അറിയില്ല. ഒരാൾ വന്നിട്ട് കുട നിലത്ത് വയ്ക്കരുതെന്ന് പറയുന്നു, വേറൊരാൾ വന്നിട്ട് ഇത് ജൂനിയർ ആർട്ടിസ്‌റ്റിന്റെ കുടയല്ലെന്ന് പറയുന്നു, പിടിച്ചുവാങ്ങുന്നു. മൂന്നാമതൊരാൾ വന്നു കുടയില്ലെന്ന് പറയുമ്പോൾ ഡീലാക്കാമെന്ന് പറയുന്നു.
എല്ലാം പുതിയ കുട്ടികൾ ആയിരുന്നു. അവർക്ക് എന്നെയും അറിയില്ല സിനിമയും അറിയില്ല. അവർ സാധാരണ ജൂനിയർ ആർട്ടിസ്‌റ്റുകളെ ട്രീറ്റ് ചെയ്യുന്ന പോലെയാണ് എന്നെയും നോക്കിയത്. ഇത് മണിയൻപിള്ള രാജു പറഞ്ഞിട്ട് മോഹൻലാൽ അറിഞ്ഞു. മോഹൻലാൽ ചൂടായി, ഇത്രയും സീനിയർ ആയിട്ടുള്ള ആളോട് ഇങ്ങനെയാണോ പെരുമാറുക. അവനെയൊക്കെ കാലേൽ വാരി നിലത്തടിക്കണം എന്ന് പറഞ്ഞു. ഞാൻ കേട്ടപ്പോൾ ചിരിക്കുകയാണ് ചെയ്‌തത്. തരുണിനോടും ഞാൻ പറഞ്ഞു ചിരിച്ചുവെന്നും അദ്ദേഹം പറയുന്നു.
അതേസമയം, 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സുനിലും തരുണും പ്രശംസ അർഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. നാളുകൾക്ക് ശേഷം മണിയൻപിള്ള രാജുവും മോഹൻലാലും ഒന്നക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച് കോംബോയായിരുന്നു മോഹൻലാൽ-മണിയൻപിള്ള രാജു. കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചെന്നും സിനിമയെ ചേർത്ത് നിർത്തിയതിന് നന്ദി എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
‘തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങൾ തുറന്നതിന്, അതിൻറെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂർവ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.
ഈ നന്ദി എൻറേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊർജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകർന്ന് ഈ യാത്രയിൽ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുൺ മൂർത്തി, കെ ആർ സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഷാജി കുമാർ, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.
ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം. ഹൃദയപൂർവ്വം എൻറെ നന്ദി എന്നുമാണ് മോഹൻലാൽ കുറിച്ചിരുന്നത്.