16 ദിവസം കൊണ്ട് പവിത്രമെഴുതിയ തനിക്കു കമ്മട്ടിപ്പാടമെഴുതാൻ വേണ്ടി വന്നത് 3 വർഷം!

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച വ്യക്തിത്വത്തിനുടമയാണെ പി ബാലചന്ദ്രൻ.
തിരക്കഥാ രചനയും സംവിധാനവും അഭിനയവും ഒരുപോലെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.ഇപ്പോളിതാ ഒരു അഭിമുഖത്തിൽ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് ബാലചന്ദ്രൻ.

തിരക്കഥാ രചന ആയാലും അഭിനയം ആയാലും സംവിധാനം ആയാലും എല്ലാം താൻ ചെയ്യുന്ന സമയത്തു ഒരേപോലെ ആസ്വദിച്ചാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഓരോ തിരക്കഥയും എഴുതാൻ എടുക്കുന്ന സമയം, അതിന്റെ കഥ തന്റെ മനോഘടനയോടു എത്രമാത്രം ചേർന്ന് നിൽക്കുന്നു എന്നതിനെ ആശ്രയിച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനരധിവാസം എന്ന ചിത്രം എഴുതാൻ വെറും നാലു ദിവസവും പവിത്രം എഴുതാൻ പതിനാറു ദിവസവും മാത്രമെടുത്ത തനിക്കു കമ്മട്ടിപ്പാടം പൂർത്തിയാക്കാൻ മൂന്നോ- നാലോ വർഷം വേണ്ടി വന്നു എന്ന് പറയുന്നു അദ്ദേഹം. തിരക്കഥാ പൂർത്തിയാക്കാൻ എടുത്ത സമയവും ചിത്രങ്ങളുടെ നിലവാരവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പുതു തലമുറയിലെ നടൻമാർ പവിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചതുപോലെയുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാത്തതു അവരുടെ സാധ്യതകളെ കുറിച്ച് അവർക്കു തന്നെ വ്യക്തമായ ബോധം ഉള്ളത് കൊണ്ടാണ് എന്നും, തങ്ങളെ കൊണ്ട് പറ്റുന്നത് മാത്രം എടുത്തു അതിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതും എന്നും പി ബാലചന്ദ്രൻ പറഞ്ഞു.

തിരക്കഥാകൃത്, സംവിധായകൻ, നടൻ എന്നീ നിലകളിൽ എല്ലാം മലയാള സിനിമയ്ക്കു മറക്കാനാവാത്ത സംഭാവന നൽകിയ പ്രതിഭാശാലിയാണ് പി ബാലചന്ദ്രൻ. അദ്ദേഹം രചിച്ച ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം എന്നീ ചിത്രങ്ങളും മൂന്ന് വർഷങ്ങൾക്ക് മുൻപ് വന്ന കമ്മട്ടിപ്പാടവും മലയാള സിനിമാ ചരിത്രത്തിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ പെടുന്നവയാണ്. ഇതുകൂടാതെ ഇവൻ മേഘരൂപൻ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം.

p balachandran talks about pavithram

Sruthi S :