അവനാണോ, അവനിത്തിരി ഗുരുത്വം കുറവുണ്ട് ; യേശുദാസ് പിണങ്ങി ഇറങ്ങി പോയി; സംഭവം പറഞ്ഞ് കമൽ

കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികളില്ല. പലകാലങ്ങൾ, ഒരേ ഒരു ശബ്ദം. മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം. എന്നാല്‍ ചില പിണക്കങ്ങളുടെ പേരില്‍ യേശുദാസിന് നല്ല പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നതാണ് വസ്തുത.

സംഗീത സംവിധായകന്‍ ഔസേപ്പച്ചനുമായി യേശുദാസ് പലപ്പോഴും പിണങ്ങിയിട്ടുണ്ട്. അങ്ങനൊരു പിണക്കം വന്നതോടെ ഇരുവരും ഒരുമിച്ച് പാട്ട് ചെയ്യില്ലെന്ന അവസ്ഥയിലേക്ക് വന്നു. അന്ന് റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നടന്ന പ്രശ്‌നത്തെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ കമല്‍. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.ശുഭയാത്ര, പൂക്കാലം വരവായ് ഈ സിനിമകളിലൊന്നും ദാസേട്ടന്‍ പാടിയിരുന്നില്ല. അതിന് മുന്‍പ് ദാസേട്ടന്‍ പാടിയതൊക്കെ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇടയ്ക്ക് അദ്ദേഹത്തിന്റെ പാട്ടുകള്‍ വളരെ കുറഞ്ഞു. അതിനൊരു കാരണമുണ്ടെന്നാണ് കമല്‍ പറയുന്നത്. ‘തരംഗിണിയ്ക്ക് മ്യൂസിക് ഓഡിയോ കൊടുത്താല്‍ മാത്രമേ പാടുകയുള്ളു എന്നൊരു നിബന്ധന ദാസേട്ടന്‍ വെച്ചിരുന്നു. ആ സമയത്താണ് തൂവല്‍സ്പര്‍ശം സിനിമയില്‍ ദാസേട്ടന്‍ പാടണമെന്ന് ഞങ്ങള്‍ പറയുന്നത്.ആ സമയത്ത് ദാസേട്ടനും ഔസേപ്പച്ചനും തമ്മില്‍ എന്തോ കശപിശ ഉണ്ടായി.

ചെറിയൊരു പ്രശ്‌നമാണെന്ന് കരുതിയെങ്കിലും ദാസേട്ടന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി പോയി. വിളിച്ചിട്ട് വരുന്നില്ലെന്ന് അവിടെ നിന്നും എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ലൊക്കേഷനില്‍ നിന്ന് വിളിച്ച് കാര്യം ചോദിച്ചു. ഇത് ഞങ്ങള്‍ തമ്മില്‍ ഇടയ്ക്ക് ഉള്ളതാണെന്നും ഇതിപ്പോ കുറച്ച് സീരിയസായി പോയെന്നും പറഞ്ഞു. ഒടുവില്‍ നിര്‍മാതാവ് പോയി ദാസേട്ടനെ കണ്ടു. എന്നിട്ട് പാട്ടിന്റെ കാര്യം സംസാരിച്ചു.ആരാണ് സംഗീതമെന്ന് ചോദിച്ചപ്പോള്‍ ഔസേപ്പച്ചനാണെന്ന് പറഞ്ഞു. അവനാണോ, അവനിത്തിരി ഗുരുത്വം കുറവുണ്ടെന്നായി. എന്തായാലും ആ പടത്തില്‍ പാടില്ലെന്നും അടുത്തതിന് വിളിച്ചാല്‍ പാടമെന്നും പറഞ്ഞു.

ആ വാശിയുടെ കാര്യം എന്താണെന്ന് അറിയില്ല. എന്തായാലും ആ പാട്ട് ഉണ്ണി മേനോന്‍ പാടി. പിന്നീട് പൂക്കാലം വരവായ് ചിത്രത്തിലും ദാസേട്ടന്‍ പാടിയില്ല.അടുത്ത സിനിമ വന്നപ്പോള്‍ മൂന്നാല് പാട്ടുകളുണ്ട്. അതില്‍ ദാസേട്ടന്‍ പാടണമെന്ന ആഗ്രഹത്തെ കുറിച്ച് ഞാന്‍ പറഞ്ഞു. ഔസേപ്പച്ചനും അതേ അഭിപ്രായമാണ്. ഞാന്‍ കംബോസ് ചെയ്തത് പോലെ പാടണമെങ്കില്‍ ദാസേട്ടന്‍ തന്നെ വേണം. വേറെ ആര് പാടിയാലും അത് ശരിയാവില്ലെന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്. അങ്ങനെ ദാസേട്ടനോട് ഇക്കാര്യം പറയാന്‍ തീരുമാനിച്ചു. കൈതപ്രം പോയി സംസാരിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ചെന്നൈയില്‍ പോയി അദ്ദേഹത്തെ കണ്ടു.പാട്ടിനെ കുറിച്ച് സംസാരിച്ചു. ചെയ്യാമെന്ന് പുള്ളി ഏറ്റു. ഔസേപ്പച്ചനാണ് സംഗീതമെന്ന് പറഞ്ഞപ്പോള്‍ അതിനെന്താ എന്നായി. പുള്ളി പഴയ കാര്യങ്ങളൊക്കെ മറന്ന് പോയിരുന്നു. നിങ്ങള്‍ തമ്മില്‍ ഏതോ സിനിമയില്‍ വഴക്ക് കൂടിയതിന് ശേഷം ഒരുമിച്ച് വര്‍ക്ക് ചെയ്തില്ലെന്ന് കേട്ടല്ലോ എന്ന് ഞങ്ങള്‍ അങ്ങോട്ട് ചോദിച്ചു.

‘അവന് ചില നേരത്ത് കുരുത്തക്കേട് ഉണ്ട്. അതുകൊണ്ട് ഉണ്ടായതാണ്. അതെല്ലാം ഞാന്‍ വിട്ടുവെന്നാണ്’, യേശുദാസ് പറഞ്ഞത്. അവന്‍ നല്ല സംഗീതഞ്ജനാണെന്നും അവന്റെ നാടിന്റെ പ്രശ്‌നമാണ് അവനുള്ളതെന്നുമൊക്കെ പറഞ്ഞ് അത് തമാശയോടെ ഒഴിവാക്കി വിടുകയാണ് ദാസേട്ടന്‍ ചെയ്തതെന്ന് കമല്‍ പറയുന്നു.

AJILI ANNAJOHN :