‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തി. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യൻ സായുധ സേനയുടെ വീരോചിതമായ പ്രയത്‌നങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യം. എന്നാൽ ചിത്രം പ്രഖ്യാപിച്ച സമയം ചിലർക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കിയിരിക്കാമെന്ന് മനസിലാക്കുന്നു. അതിൽ അഗാധമായി ഖേദിക്കുന്നുവെന്നും ഉത്തം മഹേശ്വരി അറിയിച്ചു.
കഴിഞ്ഞ ദിവസമായരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഉത്തം മഹേശ്വരി ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നു. സൈനിക യൂണിഫോമിൽ റൈഫിളുമേന്തി പുറംതിരിഞ്ഞുനിൽക്കുന്ന വനിത നെറ്റിയിൽ സിന്ദൂരക്കുറി അണിയുന്നതായാണ് പോസ്റ്ററിലുള്ളത്.
ഭാരത് മാതാ കീ ജയ്’ എന്ന് ത്രിവർണത്തിൽ എഴുതിയിരിക്കുന്നതായും പോസ്റ്ററിൽ കാണാം. നിക്കി വിക്കി ഭഗ്നാനി ഫിലിംസും ദി കണ്ടന്റ് എൻജിനീയറുമാണ് ചിത്രം നിർമിക്കുന്നത്. എന്നാണ് ചിത്രത്തിലെ അഭിനേതാക്കൾ അടക്കമുള്ള മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.