‘സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’; കേരളാ പോലീസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ഒമര്‍ ലുലു

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ എക്‌സൈസ് കേസെടുത്തത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ഈ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മയക്കു മരുന്നിനെതിരെ കേരള പൊലീസ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് ഒമര്‍ ലുലു. ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന്റെ സമാന രീതിയിലാണ് കേരള പൊലീസിന്റെ പോസ്റ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ് പോസ്റ്റിലെ വാചകം.

മയക്കുമരുന്ന് സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ നമ്മുടെ കൂട്ടായ ശ്രമം അനിവാര്യമാണ്. ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാട്‌സ് ആപ്പ് വഴി ഞങ്ങളെ അറിയിക്കൂ. ലഹരിയെ ഉന്മൂലനം ചെയ്യാന്‍ ഞങ്ങളോടൊപ്പം പങ്കുചേരൂ… ലഹരിക്കെതിരെ യോദ്ധാവാകൂ..
യോദ്ധാവ് 99 95 96 66 66 എന്നും കേരള പോലീസിന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഒമര്‍ ലുലുവിന്റെ സിനിമ പിന്‍വലിച്ച സാഹചര്യത്തിലും പോസ്റ്റിന്റെ ഡിസൈനിലെ സാമ്യതയും സിനിമയ്‌ക്കെതിരെ വന്ന കേസിനെ കുറിച്ചാണ് സൂചിപ്പിക്കുന്നതെന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. ഒമറിക്കെടെ ടൈം ബെസ്റ്റ് ടൈം.

പ്രൊമോഷന് വരെ കേരള പോലീസ്. എത്ര പെട്ടെന്ന് ആണ് നല്ല സമയം മാറി മോശം സമയം ആയത്. ഒമര്‍ ഇക്കയുടെ പടം യുവത ഏറ്റെടുക്കും എന്നുകരുതിയിട്ടു ഇപ്പോള്‍ എക്‌സൈസും പൊലീസും ഒക്കെ ആണല്ലോ ഏറ്റെടുത്തത്. ഇക്കയുടെ ‘നല്ല സമയം’ എന്നിങ്ങനെ പോകുന്നു കേരളാ പോലീസിന്റെ ഫേസ്ബുക്കില്‍ പേജില്‍ വരുന്ന കമന്റുകള്‍.

വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.

Vijayasree Vijayasree :