കഴിഞ്ഞ ദിവസമായിരുന്നു ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിനെതിരെ’ എക്‌സൈസ് കേസെടുത്തത്. ട്രെയിലറിലടക്കം മയക്കുമരുന്നുന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലാണ് കേസ്. ഒമര്‍ ലുലുവിനും നിര്‍മാതാവിനും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
മയക്കുമരുന്ന് ഉപയോഗം സിനിമയില്‍ കാണിക്കുന്നത് ഇതാദ്യമായല്ല എന്നാണ് ഒമര്‍ ലുലു പറയുന്നത്. നല്ല സമയം എന്ന സിനിമയുടെ വിഷയത്തില്‍ മാത്രം എന്തിന് ഇത്തരം നടപടികള്‍ എന്ന് മനസിലാകുന്നില്ല. തന്റെ സിനിമയും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയിടെയാണ് പുറത്തിറങ്ങിയത് എന്നും ഒമര്‍ ലുലു പറയുന്നു.
ട്രെയ്‌ലര്‍ റിലീസ് ചെയ്തിട്ട് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇത്തരമൊരു കേസ് വന്നത് എങ്ങനെയെന്ന് അറിയില്ല. എന്നെ എക്‌സൈസില്‍ നിന്നും വിളിച്ചിരുന്നു. ഈ സിനിമ മയക്കുമരുന്ന് ഉപയോഗത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അവരോട് സിനിമ കണ്ട ശേഷം പ്രതികരിക്കാന്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്ത സിനിമയാണ്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ അഡള്‍ട്‌സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. എനിക്ക് നാളെ എക്‌സൈസില്‍ നിന്നുള്ള നോട്ടീസ് ലഭിക്കും. ആ നോട്ടീസ് കണ്ട ശേഷം ബാക്കി നടപടികളിലേക്ക് കടക്കാമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു കാര്യം ഓര്‍ക്കുക ആദ്യമായല്ല മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കാണിക്കുന്നത്. ഇതിന് മുന്‍പും പല സിനിമകളിലും ഇത്തരം രംഗങ്ങളുണ്ടായിട്ടുണ്ട്.
നമ്മുടെ സിനിമയുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് ഇത്തരമൊരു കേസ് വന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ സാറ്റര്‍ഡേ നൈറ്റ്‌സ്, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകളില്‍ മയക്കുമരുന്ന് ഉപഡയോഗിക്കുന്നതായി കാണിക്കുന്നുണ്ട്. നമ്മുടെ പടത്തില്‍ കാണിക്കുമ്പോള്‍ മാത്രം എന്താ ഇത്ര ബുദ്ധിമുട്ട് എന്ന് മനസിലാകുന്നില്ല.
ഇത് സമൂഹത്തില്‍ നടക്കുന്ന കാര്യമാണ്. അതുപോലും നമുക്ക് തുറന്ന് കാണിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇവിടെയുള്ളത്.
കെജിഎഫ് കണ്ടിട്ട് ആരെങ്കിലും വഴിയേ പോകുന്നവരെ തല്ലാന്‍ പോകുന്നുണ്ടോ? കെജിഎഫിനോളം അടുത്ത് യൂത്തിനെ സ്വാധീനിച്ച സിനിമ വേറെയുണ്ടായിട്ടില്ല. അതില്‍ കാണിക്കുന്നത് പക്കാ ഇടിയും മാസുമാണ്. അത് കണ്ടിട്ട് ആരെങ്കിലും വഴിയില്‍ കിടന്ന് ഇടിക്കുന്നുണ്ടോ? ഇതൊക്കെ അസംബന്ധമാണ്. സിനിമ കണ്ടു അതുപോലെ അനുകരിക്കുന്നവരാണ് കേരളത്തിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും ഒമര്‍ ലുലു പറഞ്ഞു.