ഒരു നാടിനെ ലഹരി വിമുക്തമാക്കിയ കഥ; ബാഡ് ബോയ്സ് ഉടൻ ഒടിടിയിൽ എത്തുമെന്ന് ഒമർ ലുലു

മയക്ക് മരുന്നുകളുടെയും മറ്റ് ലഹരികളുടെയും ഉപയോ​ഗം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഒരു നാടിനെ ലഹരിമുക്തമാക്കിയ കഥ പറയുന്ന എന്റെ സിനിമ ഉടനെ ഒടിടിയിൽ ഇറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഒരു നാടിനെ ലഹരി വിമുക്തമാക്കിയ കഥ പറയുന്ന ബാഡ് ബോയ്സ് ഉടൻ ഒടിടിയിൽ’, എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്.

ഒപ്പം #saynotodrugs എന്ന ഹാഷ്ടാ​ഗും ഉണ്ട്. ‘ഈ നാടിനെ ലഹരിയെന്ന വിപത്തിൽ നിന്ന് രക്ഷിച്ച് നമ്മുക്ക് ഒരു Drug free Society ഉണ്ടാക്കണം’, എന്നു ട്രെയിലർ പങ്കിട്ട് ഒമർ കുറിച്ചു.

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസങ്ങൾക്കൊടുവിൽ ഒടിടിയിലെത്തുന്നത്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, ബിജു കുട്ടൻ,ബാബു ആന്റണി, ബിബിൻ ജോർജ്,ടിനി ടോം, രമേശ് പിഷാരടി, അജു വർ​ഗീസ്, ബാല, മൊട്ട രാജേന്ദ്രർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു ആണ് ചിത്രത്തന്റെ നിർമാണം. അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻറെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻറെയും തിരക്കഥ ഒരുക്കിയത്. ഒമർ തന്നെയാണ് കഥ ഒരുക്കിയത്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചത് ആൽബിയാണ്.

ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പരാതികൾക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന് പറഞ്ഞായിരുന്നു ചിത്രം പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനായില്ല.

Vijayasree Vijayasree :