സംവിധായകന്‍ അമല്‍ നീരദിന്റെ അച്ഛനും എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ: സി ആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അമല്‍ നീരദിന്റെ കൊമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
പെണ്ണമ്മ, രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്താണ് ജനനം. കോട്ടയം നായര്‍ സമാജം ഹൈസ്‌കൂള്‍, സിഎംഎസ് കോളെജ്, കൊല്ലം എസ് എന്‍ കോളെജ്, ചങ്ങനാശ്ശേരി എസ് ബി കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി നാല് വര്‍ഷം ജോലി ചെയ്തു.
മലയാളം അധ്യാപകനായി 1973 ല്‍ ജോലിയില്‍ പ്രവേശിച്ചു. വിവിധ സര്‍ക്കാര്‍ കോളെജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. 1998 ല്‍ മഹാരാജാസ് കോളെജില്‍ നിന്നാണ് വിരമിച്ചത്. രണ്ടര പതിറ്റാണ്ടിലേറെ മഹാരാജാസ് കോളെജില്‍ മലയാളം അധ്യാപകനായിരുന്ന അദ്ദേഹം സിനിമയിലെ നിരവധി പ്രശസ്തരെ പഠിപ്പിച്ചിട്ടുണ്ട്. നടന്‍ സലിം കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശിഷ്യരാണ്.
ഈ മാസം മൂന്നാം തീയതി കൊച്ചിയില്‍ നടന്ന സി ആര്‍ ഓമനക്കുട്ടന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി ആയിരുന്നു. ഓമനക്കുട്ടന്‍ മാഷുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള സലിം കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ല്‍ കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.
ഭാര്യ: പരേതയായ എസ് ഹേമലത. മഹാരാജാസ് കോളെജ് അധ്യാപിക അനുപയും മകളാണ്. മരുമക്കള്‍: ചലച്ചിത്രതാരം ജ്യോതിര്‍മയി, തിരക്കഥാകൃത്തും നാടകപ്രവര്‍ത്തനുമായ ഗോപന്‍ ചിദംബരം.