നിരവധി ആരാധകരുണ്ടായിരുന്ന പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു പ്രായം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി ഐസിയുവിൽ കഴിയുകയായിരുന്നു താരം. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം ഞായറാഴ്ച്ച യാമിനി സ്‌കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിന് വെയ്ച്ചതിന് ശേഷമാകും സംസ്കാര ചട
ങ്ങുകൾ. രാവിലെ 9 മണിക്ക് ആണ് പൊതുദർശനം. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികൾ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വലുതാണ്.
യാമിനി കൃഷ്ണമൂർത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്റെ ആസ്‌ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1940 ഡിസംബർ 20 ന് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ ആണ് ജനനം.
സംസ്‌കൃത പണ്ഡിതനും കവിയുമായ എം. കൃഷ്‌ണമൂർത്തിയാണ് അച്ഛൻ. ആന്ധ്രാപ്രദേശിലാണ് ജനനം എങ്കിലും തമിഴ്‌നാട്ടിലെ ചിദംബരത്താണ് യാമിനി വളർന്നതും നൃത്തം പഠിച്ചതും. 1957 ൽ ചെന്നെയിലായിരുന്നു അരങ്ങേറ്റം.‘എ പാഷൻ ഫോർ ഡാൻസ്’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്.