26 വർഷം കുട്ടികളുടെ പ്രിയ കാർട്ടൂൺ താരം ഡോറെമോന് ശബ്ദം നല്‍കിയ കലാകാരി അന്തരിച്ചു!

പ്രശസ്ത അനിമേഷൻ കഥാപാത്രമായ ഡോറെമോന് ശബ്ദം നല്‍കിയ നോബുയോ ഒയാമ അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു നോബുയോ. സെപ്റ്റംബര്‍ 29-നായിരുന്നു മരണൺ സംഭവിച്ചത്. എന്നാല്‍, കഴിഞ്ഞദിവസമാണ് മരണവാര്‍ത്ത പുറത്തുവന്നത്.

ഇത് സംബന്ധിച്ച് അവരുടെ ഏജന്‍സി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നോബുയോയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നതാണ് വാർത്താകുറിപ്പിൽ പറയുന്നത്. 1933-ല്‍ ജപ്പാനിലെ ടോക്കിയോയിലായിരുന്നു നോബുയോയുടെ ജനനം. 1957-ല്‍ ആണ് ശബ്ദകലാകാരിയായി അരങ്ങേറ്റം കുറിക്കുന്നത്.

ഹസില്‍ പഞ്ച് അടക്കം ഒട്ടേറെ അനിമേകളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദംനല്‍കിയിട്ടുണ്ട്. 1979 മുതല്‍ 2005 വരെ ഡോറെമോന് ശബ്ദം നല്‍കിയത് നോബുയോ ആയിരുന്നു. 2001-ല്‍ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നോബുയോ സജീവമല്ലാതായി. എന്നാൽ അപ്പോഴും ഡോറെമോന് ശബ്ദം നല്‍കിയിരുന്നു.

നടനായ കെയ്‌സുകെ സാഗവയായിരുന്നു നോബുയോയുടെ ഭര്‍ത്താവ്. 1964ൽ വിവാഹിതരായ ഇവർ വർഷങ്ങളോളം ദാമ്പത്യജീവിതം നയിച്ചിരുന്നു. 2012-ല്‍ കെയ്‌സുകെയ്ക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചിരുന്നു. തുടർന്ന് 2017-ല്‍ അദ്ദേഹം അന്തരിച്ചു.

Vijayasree Vijayasree :