കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നഡ നടന്‍ കിച്ച സുദീപ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
താരം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമ്പോള്‍ നടന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമലംഘനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ.
ദൂരദര്‍ശനില്‍ പൊതുജനങ്ങളുടെ പണം കൊണ്ട് തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ നടത്തുകയാണെങ്കിലും തടയാനാകും. എന്നാല്‍ കിച്ച സുദീപിന്റെ കാര്യത്തില്‍ ഇവ ബാധകമല്ല എന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.
ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഏപ്രില്‍ അഞ്ചിന് സുദീപ് അറിയിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റെ സിനിമകളും മറ്റ് എല്ലാ പരിപാടികളും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു.