നിതിൻ രഞ്ജിപണിക്കരുടെ സംവിധാനത്തിൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ച മലയാളം വെബ് സീരീസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’. കാവൽ, കസബ എന്നീ ചിത്രങ്ങൾക്ക് ശേഷം നിതിൻ രഞ്ജിപണിക്കരുടെ സംവിധാനത്തിൽ പുറത്തെത്തുന്ന സംരംഭമാണിത്. ഇപ്പോഴിതാ സെൻസർ ബോർഡിനെ കുറിച്ചും, പ്രേക്ഷകരെ കുറിച്ചും സംസാരിക്കുകയാണ് നിതിൻ. ഒരു യൂട്യൂബിന് നൽകിയ അഭിമുഖത്തിലായിരുന്നു നിതിന്റെ പ്രതികരണം.
സെൻസർബോർഡ് എന്ന പറഞ്ഞാൽ ഭീകരമായിട്ടുള്ള എന്തോ ഒന്നാണെന്നാണ് കുട്ടിക്കാലത്ത് ഞാൻ ധരിച്ചുവെച്ചത്. കാരണം, അച്ഛന്റെ ഓരോ സനിമ ഇറങ്ങുന്ന സമയത്തും സെൻസർബോർഡുമായിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകും. റിലീസിന്റെ തലേദിവസമാണ് സാധരണ എല്ലാവരും ടെൻഷനടിക്കാറ്.
പക്ഷേ അച്ഛന്റെ കാര്യത്തിൽ ഏറ്റവും ടെൻഷൻ സെൻസർ ചെയ്യുന്ന ദിവസമാണ് വീട്ടിലെല്ലാവർക്കും ടെൻഷൻ. ഇപ്പോൾ സെൻസർബോർഡിനെക്കാൾ പ്രശ്‌നം വേറെ ചില ആളുകൾക്കാണ്. സിനിമയിലെ ഏതെങ്കിലും സീൻ കണ്ടിട്ട് അവരെപ്പറ്റിയാണ് പറഞ്ഞതെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ തിരിയും.
അങ്ങനെ പറയാൻ പാടില്ല, ഇങ്ങനെ പറയാൻ പാടില്ല എന്നൊക്കെ കുറെ റെസ്ട്രിക്ഷൻസ് ഇവർ വെയ്ക്കും. അതൊക്കെ വളരെ മോശമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമ സാധ്യമല്ല. ഈയടുത്ത് കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അനിമലാണ്. നാല് തവണ ഞാനത് തിയേറ്ററിൽ നിന്ന് കണ്ടു എന്നാണ് നിതിൻ രഞ്ജിപണിക്കർ പറഞ്ഞത്.
അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൻറെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ. കേരള ക്രൈം ഫയൽ, മാസ്റ്റർ പീസ്, പെരല്ലൂർ പ്രീമിയർ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ. കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് വെബ് സീരീസിൽ അണിനിരക്കുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.