പൃഥ്വിരാജ് എനിക്കൊരു പാഠപുസ്തകമാണ്; എമ്പുരാനില്‍ സംവിധാന സഹായിയാകുമെന്ന് ‘കുമാരി’യുടെ സംവിധായകന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് ‘കുമാരി’ എന്ന ചിത്രത്തിന്റെ സംവിധായകനായ നിര്‍മല്‍ സഹദേവ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എമ്പുരാനില്‍ സംവിധാന സഹായിയാകുമെന്നും പൃഥ്വിരാജിനെ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് നിര്‍മല്‍ പറയുന്നത്.

‘കുമാരി’യുടെ ടീസറിന് വേണ്ടി മാത്രമാണ് പൃഥ്വിരാജിനെ ഉപയോഗിച്ചത്. കുമാരിയില്‍ പൃഥ്വിയില്ല. ജനുവരിയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിന് ശേഷം എമ്പുരാനില്‍ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കും. സിനിമയില്‍ അസോസിയേറ്റ് ആയിരിക്കുമ്പോള്‍ ആണ് തമ്മില്‍ സംസാരിക്കുന്നത്. സമാന ചിന്താഗതിക്കാര്‍ എന്ന രീതിയില്‍ കുറേ ആശയങ്ങള്‍ പങ്കുവച്ചു. അദ്ദേഹം എനിക്കൊരു പാഠപുസ്തകമാണ്.

എപ്പോഴും മനസില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്ന ആളാണ്. അത് പഠിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുമാരി ചെയ്യാന്‍ വലിയ പ്രേരണയും പൃഥ്വിരാജ് ആയിരുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് നിര്‍ദേശവും തന്നിരുന്നു.

മേക്കറിന് പുറമെ ഒരു ഗംഭീര നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. എവിടെയാണ് പണം ചെലവാക്കേണ്ടത്, എങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്നൊക്കെ നല്ല ധാരണയുള്ള ആളാണ്,’ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല്‍ സഹദേവ് പറഞ്ഞു.

എല്ലാവരുടേയും മികച്ച വര്‍ക്ക് സിനിമയില്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും കഥ പറയുമ്പോള്‍ മുതല്‍ സാങ്കേതിക പ്രവര്‍ത്തകരെ ഒപ്പം കൂട്ടാറുണ്ടെന്നും നിര്‍മല്‍ പറഞ്ഞു. ‘തിരക്കഥ എഴുതുമ്പോള്‍ തന്നെ സാങ്കേതിക മേഖല എങ്ങനെ ഉപയോഗിക്കണമെന്ന് ചിന്തിക്കാറുണ്ട്. കളര്‍ ടോണ്‍ വരെ എഴുത്തിന്റെ ഘട്ടത്തില്‍ ആലോചിച്ചിരുന്നു.

‘രണം’ സിനിമയില്‍ അതിന്റെ സൗണ്ട് ട്രാക്ക് ഒക്കെ എഴുത്തില്‍ തന്നെ ആലോചിച്ചിരുന്നു.’ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലപ്പോഴും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനുള്ള സാഹചര്യം മലയാള സിനിമയില്‍ ഇല്ലെന്ന അഭിപ്രായവും സംവിധായകന്‍ പങ്കുവച്ചു.

Vijayasree Vijayasree :