മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ നായികയായെത്തിയ ചിത്രം ‘ആയിഷ’ കാണാന്‍ നടി നിലമ്പൂര്‍ ആയിഷ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകന്‍ അമീര്‍ പള്ളിക്കലും മഞ്ജു വാര്യരും സംഗീത സംവിധായകന്‍ ജയചന്ദ്രനും ആയിഷയ്‌ക്കൊപ്പം തിയേറ്ററില്‍ ഉണ്ടായിരുന്നു. നടിയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രമാണ് ആയിഷ. ഒരു സാങ്കല്‍പ്പിക ലോകത്ത് നിലമ്പൂര്‍ ആയിഷയുടെ ജീവിതാനുഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
‘ആയിഷ’ കണ്ടപ്പോള്‍ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും താന്‍ ഇതുവരെ അധ്വാനിച്ചത് ശരിയായിരുന്നുവെന്ന് തോന്നിയതായും നിലമ്പൂര്‍ ആയിഷ പ്രതികരിച്ചു. ഒരുപാട് കഷ്ടത്തിലൂടെയും ദുരിതത്തിലൂടെയുമാണ് ഇത്രയും കാലം ജീവിച്ചത്. മഞ്ജു അത് വളരെ കൃത്യമായി അവതരിപ്പിച്ചു എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവുമെന്നും ആയിഷ പറഞ്ഞു.
കലാകാരന്മാര്‍ക്ക് മരണമില്ലെന്ന് ഇതിനോട് മഞ്ജു വാര്യര്‍ പ്രതികരിച്ചു. നമ്മളൊക്കെ ഭാഗ്യം ചെയ്ത ജന്മങ്ങളാണെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞ വാക്കുകള്‍ കേട്ട് സന്തോഷം തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് നാടക വേദികളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ നിലമ്പൂര്‍ ആയിഷ കേരളത്തിലെ കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന പേരുകളില്‍ ഒന്നാണ്.
1950കളില്‍ കേരളത്തിലാരംഭിച്ച രാഷ്ട്രീയ നാടക പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയ അവര്‍ കലാരംഗത്തെ മുസ്‌ലിം വനിതകളുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു. സമുദായത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് നാടകലോകത്ത് തന്റേതായ ഇടംനേടാനും ആയിഷയ്ക്കായി. ‘കണ്ടം ബെച്ച കോട്ട്’ മുതല്‍ 2022ല്‍ പുറത്തിറങ്ങിയ ‘വണ്ടര്‍ വുമണ്‍’ വരെ മലയാള സിനിമയുടെ ഭാഗവുമാണി നടി.