ലോകത്തിന് മുന്നില്‍ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണം; കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക് ടൈംസ്

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജോയോ ബേബി സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു കാതല്‍ ദി കോര്‍. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ചിരിക്കുകയാണ് ന്യൂയോര്‍ക് ടൈംസ്. മമ്മൂട്ടി അവതരിപ്പിച്ച സ്വ വര്‍ഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് ലേഖനത്തില്‍ പ്രശംസിക്കുന്നു. ലോകത്തിന് മുന്നില്‍ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തില്‍ പറയുന്നു.

ബോളിവുഡ് സിനിമകളുടെ ഗ്ലാമര്‍ ലോകത്തിനപ്പുറം യഥാര്‍ത്ഥ ജീവിതങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമ വേറിട്ട് നില്‍ക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. ചിത്രം കേരളത്തില്‍ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തില്‍ പറയുന്നു.

ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 23 നാണ് കാതല്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സും മികച്ചു നില്‍ക്കുന്നതാണ്.

സുധി കോഴിക്കോട്, ചിന്നു ചാന്ദ്‌നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസാണ്.

Vijayasree Vijayasree :