ഇനി കളി മാറും, ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐക്ക്; ഒടുവിൽ അത് സംഭവക്കുമോ?

ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ വിജ്ഞാപനമിറക്കിയിരുന്നു. നേരത്തേ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. മരണത്തിൽ സ്വർണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സർക്കാരിൽ വിശ്വാസം ഉണ്ടെന്നും കേസിൽ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേർന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നി​ഗമനം.

2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയായിരുന്നു അപകടം.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു

വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്കർ ആണെന്നാണ് അർജുൻ പൊലീസിൽ പറഞ്ഞത്.

അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‍കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‍കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷ്മിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്‍റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം അന്നേ ഉയര്‍ന്നു കേട്ട ഒന്നാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്ന്. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത് സ്വര്‍ണക്കടത്തുകാര്‍ അപടക സ്ഥലത്ത് ചുറ്റിക്കറിങ്ങിയതായി ചിലര്‍ ആരോപണമുന്നയിച്ചു. മാത്രമല്ല കാറിനുള്ളില്‍ സ്വര്‍ണമുണ്ടായിരുന്നെന്നും പലരും പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്നും കലാഭവൻ സോബി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.സ്വർ ണ്ണ കടത്ത് കേസിലെ പ്രതി സരിത്തിനെ ബാലഭാസ്ക്കർ അപകടപ്പെട്ട സ്ഥലത്ത് കണ്ടെന്നാണ് സോബി പറഞ്ഞത്. വെളിപ്പെടുത്തൽ നടത്തിയതിനുപിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സോബി പറഞ്ഞിരുന്നു

Noora T Noora T :