ടീസര്‍ കണ്ട് ആദ്യം ഓര്‍മ്മ വന്നത് അയ്യാളെ! ബയോപിക് ചിത്രത്തെക്കുറിച്ച് ഷക്കീല

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് ഷക്കീല. തന്റെ പതിനാറാമത്തെ വയസ്സില്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിച്ചുതുടങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഷക്കീലയുടെ കരിയറിലെ ചില അനുഭവങ്ങളെ ആസ്പദമാക്കി ബയോപിക് ചിത്രം ഇറങ്ങുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം ഇടം പിടിച്ചിരുന്നു. സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങില്‍ ചിത്രത്തെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ട്രെയിലര്‍ കണ്ട് ശരിക്കും സന്തോഷവതിയാണ് താരം. ചിത്രത്തില്‍ റിച്ച ഛദ്ദ ശരിക്കും അതിശയിപ്പിച്ചു. എന്റെ കഥാപാത്രത്തോട് അവര്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. കൂടാതെ തന്റെ കഥ സിനിമയാക്കുവാന്‍ ലങ്കേഷ് കാണിച്ച ധൈര്യത്തെയും തന്നോട് കാണിച്ച പരിഗണനയെയും നടി പ്രശംസിച്ചു. തന്റെ പഴയകാലത്തെ പല കാര്യങ്ങളും ടീസര്‍ ഓര്‍മ്മപ്പെടുത്തിയെന്നും ഷക്കീല പറയുന്നു. പ്രത്യേകിച്ച് മുന്‍ കാമുകന്‍ റിച്ചാര്‍ഡ്. ട്രെയിലര്‍ കണ്ടതിന് ശേഷം എനിക്ക് അങ്ങനെ തോന്നിയെങ്കില്‍ മുഴുവന്‍ സിനിമയും കണ്ടതിന് ശേഷം എനിക്ക് എങ്ങനെ തോന്നും എന്ന് സങ്കല്‍പ്പിച്ചു നോക്കൂ എന്നും ഷക്കീല പറഞ്ഞു.

ഷക്കീല ബയോപിക്ക് ഡിസംബര്‍ 25ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുക. എന്നും തന്റെ ആഗ്രഹമായിരുന്നു ഷക്കീലയെ കുറിച്ചൊരു സിനിമ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സിനിമകള്‍ കിട്ടാതെ കഷ്ടപ്പെട്ട ഷക്കീലയുടെ ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടത്തെ കുറിച്ച്, സ്വാഭാവ റോളുകള്‍ ലഭിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ ഷക്കീലയുടെ യഥാര്‍ത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നതെന്നും സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

Noora T Noora T :