തീയേറ്റര്‍ തുറക്കല്‍; ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി ഇന്ന് കൊച്ചിയിൽ

തിയേറ്ററുകള്‍ തുറക്കല്‍ ചര്‍ച്ച ചെയ്യാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ അടിയന്തര ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. കുടിശ്ശികയുള്ള തീയറ്ററുകള്‍ക്ക് സിനിമ നല്‍കേണ്ട എന്ന നിലപാടിലാണ് വിതരണക്കാര്‍. എന്നാല്‍ തിയറ്റര്‍ തുറന്ന ശേഷം മാത്രമേ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാകൂ എന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.

ഇന്നലെ സര്‍ക്കാരുമായി നടത്തിയ യോഗത്തില്‍ വിനോദ നികുതി ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ തീയറ്റര്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍. തിയറ്റര്‍ ഉടമകളുമായി 26 ന് വീണ്ടും സിനിമാ മന്ത്രി ചര്‍ച്ച നടത്തും.

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് തീയേറ്ററുകള്‍ തിങ്കളാഴ്ച്ച തന്നെ തുറക്കാന്‍ ഇന്നലെ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തീയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.

ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നത്. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും 2 ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. അന്‍പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.

Noora T Noora T :