ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ചൊവ്വാഴ്‍ച പരിഗണിക്കും; എന്തും സംഭവിക്കാം.. പ്രാർത്ഥനയോടെ

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ആർതർ റോഡ് ജയിലില്‍ കഴിയുന്ന നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി അടുത്ത ചൊവ്വാഴ്‍ച പരിഗണിക്കും. ആര്യൻ ഖാന് ഒപ്പം അറസ്റ്റിലായ മുൻ മൺ ധമേച്ചയുടെ ഹർജിയിലും ചൊവ്വാഴ്‍ച വാദം കേൾക്കും. വീഡിയോ കോൺഫറൻസ് വഴി കേസ് പരിഗണിക്കണം എന്ന ആവശ്യം കോടതി അനുവദിച്ചില്ല.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. തുടര്‍ന്ന് ആര്യൻ ഖാൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു

മൂന്നാഴ്‍ചയായി ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാനെ കാണാൻ ഇന്ന് ഷാരൂഖ് എത്തിയിരുന്നു. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്‍ച നടത്തിയത്. ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ മകനെ കാണാൻ എത്തിയത്.

ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയിൽ സമർപ്പിച്ചിരുന്നു. വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്‍ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുകയും ചെയ്‍തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥ‍ർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന ഏഴ് കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരു സ്‍ത്രീ അറസ്റ്റിലായിട്ടുണ്ട്.

Noora T Noora T :