നടൻ അക്ഷയ് കുമാറിൻ്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു

നടൻ അക്ഷയ് കുമാറിൻ്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. അക്ഷയ് കുമാർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇത് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറമുള്ള വേദനയാണെന്നാണ് താരം ഈ വാർത്ത പങ്കുവെച്ചു കൊണ്ട് കുറിച്ചത്.

താരം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ

‘അവൾ എന്റെ കാതലായിരുന്നു. എന്റെ അസ്തിത്വത്തിന്റെ കാതലായ ഭാഗത്ത് ഇന്ന് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുകയാണ്. എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ ഈ ലോകത്തോട് വിട പറഞ്ഞു, മറ്റേതെങ്കിലും ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഞാനും എന്റെ കുടുംബവും ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകളെ ഞാൻ മാനിക്കുന്നു. ഓം ശാന്തി.

അക്ഷയുടെ പിറന്നാൾ ദിനത്തിന് തൊട്ടുമുമ്പാണ് അമ്മയുടെ വേർപാട്. നാളെയാണ് അക്ഷയ് കുമാറിന്റെ 53ാം പിറന്നാൾ. അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് അക്ഷയ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. തനിക്കും കുടുംബത്തിനും ദുഃഖകരമായ സമയമാണിതെന്നും അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അക്ഷയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

സിൻഡ്രല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അക്ഷയ് കുമാർ ലണ്ടനിൽ എത്തിയത്. അക്ഷയ്ക്കൊ.പ്പം ഭാര്യ ട്വിങ്കിൾ ഖന്നയും മക്കളും ഉണ്ടായിരുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച്ചയാണ് അക്ഷയ് തിരിച്ച് മുംബൈയിൽ എത്തിയത്.

അതേസമയം, സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അമ്മയുടെ വിയോഗത്തെ കുറിച്ച് സിനിമാരംഗത്തെ ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും അനുശോചനം അറിയിക്കുന്നുമുണ്ട്.

നിമ്രത് കൗർ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്..

“നിങ്ങളുടെ അഗാധമായ നഷ്ടത്തിൽ വല്ലാത്ത വിഷമമുണ്ട്. ആദരാഞ്ജലികൾ നേരുന്നു. ഈ ഖേദകരമായ വേളയിൽ നിങ്ങൾക്കും മുഴുവൻ കുടുംബത്തിനും അഗാധമായ അനുശോചനവും എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയും. സാത്നാം വഹേ ഗുരു”. നിമ്രത് കുറിച്ചു.

Noora T Noora T :