അനന്യ കുമാരിയുടെ മരണം കൊലപാതകമോ? ആത്മഹത്യയോ? പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും! പ്രതിഷേധം ആളിക്കത്തുന്നു

കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനെ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട അനന്യ നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഓൺലൈൻ മാധ്യമങ്ങൾ ആരോപണം ഉയർത്തിയിരുന്നു. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

അനന്യയുടെ മരണത്തിൽ മനം നൊന്ത് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ കുറിപ്പുകൾ പങ്കുവെക്കുന്നത്. വളരെ ബോൾഡ് ആയി ജീവിതത്തെ നേരിട്ടുവന്ന അനന്യ ഇത്തരത്തിലൊരു മണ്ടത്തരം കാണിച്ചത് വിശ്വസിക്കാനാകുന്നില്ല എന്നാണ് അനന്യയുടെ സുഹൃത്തുക്കൾ പറയുന്നത്.

അനന്യയുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂര്‍ണ്ണമായ സമീപനം പോലും ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമുക്ക് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും അനന്യക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Noora T Noora T :