ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാൻ ശ്രമിച്ചതാണോ ജി ചെയ്ത തെറ്റ്? കെ സുരേന്ദ്രനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി

സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിന് പിന്നാലെ കെ സുരേന്ദ്രനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.
ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്ക് സമൂഹമാധ്യമത്തില്‍ ട്രോള്‍ പൂരമാണ്. അതിനൊപ്പമാണ് ജീ ചെയ്ത തെറ്റെന്താണെന്ന പരിഹാസ കുറിപ്പുമായി ഹരീഷ് പേരാടി രംഗത്തെത്തിയിരിക്കുന്നത്.

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. രാജ്യദ്രോഹികളാണ് കുഴല്‍പണമെന്ന ആരോപണം ഉന്നയിക്കുന്നത്. അതിനാലാണ് അത്തരക്കാരോട് തങ്ങള്‍ പാകിസ്ഥാനില്‍ പോകാന്‍ പറയുന്നത്. നല്ലത് ആരു ചെയ്താല്‍ പറയണമെന്നും ഹരീഷ് പരിഹാസ രൂപേണ കുറിച്ചു.

ഹരീഷിന്റെ വാക്കുകള്‍:

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സഹായിക്കാന്‍ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയര്‍ത്താന്‍ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്…7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യില്‍ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് …വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്നതല്ലെ?..

ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ഞങ്ങള്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഇല്ലാതെ തന്നെ പാവപ്പെട്ടവര്‍ക്ക് കാശുക്കൊടുത്ത് സഹായിക്കാന്‍ പറ്റും..ലക്ഷദീപില്‍ വികസനം നടത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികള്‍ പുതിയ കുഴല്‍പണ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാന്‍ പറ്റണം..അതിനൊക്കെ രാജ്യ സ്‌നേഹം വേണടോ..രാജ്യസ്‌നേഹം..

കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസുമായി യാതൊരു പങ്കുമില്ലാത്തതു കൊണ്ടാണ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നതെന്നും രണ്ട് മാസം അന്വേഷിച്ചിട്ടും പൊലീസ് എന്താണ് ബിജെപി നേതാക്കള്‍ക്കെതിരെ കണ്ടെത്തിയതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

Noora T Noora T :