വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ല, ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം; അടൂർ ഗോപാലകൃഷ്ണൻ

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി മീടു ആരോപണങ്ങള്‍ ഉയര്‍ന്ന ഇദ്ദേഹത്തിനെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍.

വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെപ്രതികരണം. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരമെന്നാണ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവ ഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞു.

പുരസ്കാരം വൈരമുത്തുവിനു നൽകിയതിനോട് നടി റിമ കല്ലിങ്കലും, ഗീതു മോഹൻദാസും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

നമ്മുടെ സാഹിത്യലോകത്തെ മഹോന്നതനായ ഒഎൻവി കുറുപ്പിന്റെ പേരിലുള്ള പുരസ്കാരം 17 സ്ത്രീകളിൽ നിന്നും ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാൾക്കല്ല കൊടുക്കേണ്ടത്’ എന്നായിരുന്നു ഗീതു മോഹൻദാസിന്റെ കുറിപ്പ്. വൈരമുത്തുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ചിന്മയി ശ്രീപദ പങ്കിട്ട കുറിപ്പും വൈറലായി. വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി അഭിമാനിക്കുന്നുണ്ടാകും എന്നായിരുന്നു ഗായികയുടെ പരിഹാസം.

2018ലാണ് വൈരമുത്തുവിനെതിരെ ലൈഗിംകാതിക്രമ ആരോപണം ഉയർന്നത്. ‌പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ചത്. വൈരമുത്തുവിന്റെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ച് കടന്നുപിടിച്ചു ചുംബിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം. പിന്നാലെ ചിന്മയി ശ്രീപദയും ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

Noora T Noora T :