ജനപ്രിയ സിനിമകളുടെ ശിൽപി; ഡെന്നിസ് ജോസഫിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശിൽപിയാണ് ഡെന്നിസ് ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു. ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിവയുട തെിരക്കഥാകൃത്താണ്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ അംഗീകരിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് ഗോപിയും അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് മമ്മൂട്ടിയും അനുസ്മരിച്ചു. വളർച്ചയിലും തളർച്ചയിലും എന്‍റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു

Noora T Noora T :