കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം അനവധി അംഗീകാരങ്ങൾക്ക് അര്‍ഹനായ അദ്ദേഹത്തെ 2014-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

തിരുവല്ല ഇരിങ്ങോലിവെ ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നാണ് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ജനനം. ഇംഗ്ലീഷ് ലക്ച്ചററായി സര്‍ക്കാര്‍ സര്‍വ്വീസിൽ പ്രവേശിച്ച അദ്ദേഹം കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിന് ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷ് അധ്യാപകനായിരുന്നുവെങ്കിലും മലയാളത്തിലും സംസ്കൃതത്തിലും ആഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (199‌4), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979‌), കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം (2010), വയലാർ പുരസ്കാരം – (2010), വള്ളത്തോൾ പുരസ്കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983) , മാതൃഭൂമി സാഹിത്യപുരസ്കാരം (2010), പി സ്മാരക കവിതാ പുരസ്കാരം (2009) എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Noora T Noora T :