റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ദീപ് ഒളിവിലായിരുന്നു. പഞ്ചാബില്‍ നിന്നും ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ദില്ലി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. ചെങ്കോട്ടയിലെ സംഘർഷത്തിൽ കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേർത്തിരുന്നു. ചെങ്കോട്ടയിൽ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തൻ തരനിലെ വീട്ടിലും പൊലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് 12 പേരുടെ ചിത്രങ്ങളാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. വിവിധ വിഡിയോകള്‍ പരിശോധിച്ചതിനു ശേഷവും ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെയുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി പൊലീസിനെ ആക്രമിച്ചത് ഇവരാണെന്നാണ് നിഗമനം. അക്രമത്തില്‍ 44 കേസുകളാണ് ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിവിധ കര്‍ഷകസംഘടനാ നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടിഒ മേഖലയില്‍ കര്‍ഷകന്‍ മരിച്ചതിനെക്കുറിച്ചു തെറ്റായ വിവരം പ്രചരിപ്പിച്ചതിനു കോണ്‍ഗ്രസ് എംപി ശശി തരൂരിനും വിവിധ മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിരുന്നു.