കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കാതെ മേശപ്പുറത്ത് വച്ചത്
വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇപ്പോൾ ഇതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ സര്‍ക്കാര്‍ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണ്. ചലച്ചിത്ര അക്കാദമി അവാര്‍ഡ് സംഘടിപ്പിക്കാന്‍ സാഹചര്യം ഉണ്ടാകുകയും അത് സംഘടിപ്പിക്കുകയും ചെയ്തശേഷം പുരസ്‌കാര ജേതാക്കളെ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചത് മര്യാദകേടാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
കോവിഡ് പ്രോട്ടോകോള്‍ ആണ് വിഷയം എങ്കില്‍ അവാര്‍ഡുകള്‍ തപാലില്‍ അയച്ചു കൊടുക്കാന്‍ സാഹചര്യം ഉണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു. അവാര്‍ഡ് ജേതാക്കള്‍ വന്ന് മേശപ്പുറത്തെ അവാര്‍ഡ് എടുത്തുകൊണ്ടുപോകുന്ന ബഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു. സര്‍ക്കാറിന്റെ തന്നെ അനവധി പരിപാടികള്‍ പരിശോധിച്ചു നോക്കിയാല്‍ ഇപ്പോള്‍ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും. ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നത്തിന് കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം കുറിച്ചു.