നാടകീയ അറസ്റ്റ്; വിരുതന്മാരെ തൂക്കിയെടുത്ത് പോലീസ് സിനിമയെ വെല്ലുന്ന ക്ലൈമാക്സ്! ക്ലൈമാക്സിൽ നടിയുടെ ട്വിസ്റ്റ്

ലുലുമാളില്‍ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിലെ വിരുതന്മാരെ തൂക്കിയെടുത്ത് പോലീസ്. അറിയാതെ സംഭവിച്ച പോയെന്ന് യുവാക്കള്‍; അവസാനം ട്വിസ്റ്റുമായി യുവനടി രംഗത്ത്

ലുലുമാളിൽ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദിൽ(24), കരിമല ചെണ്ണേൻകുന്നൻ റംഷാദ്(24) എന്നിവരാണു പിടിയിലായത്. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

അത്യന്തം നാടകീയമായാണ് നടിയെ അപമാനിച്ച കേസിലെ പ്രതികളായ റംഷാദിനെയും ആദിലിനെയും ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി അഭിഭാഷകനൊപ്പം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള കുസാറ്റ് ജംഗ്ഷനിൽ വെച്ച് പൊലീസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് പിന്നീട് മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു

മാളിലുണ്ടായ സംഭവം വിശദീകരിച്ചു കൊണ്ടുള്ള തങ്ങളുടെ വിഡിയോ സന്ദേശം ഇന്നലെ രാവിലെ ഇവർ മാധ്യമങ്ങൾക്കു കൈമാറിയിരുന്നു. പൊലീസിനു മുന്നിലെത്തി കീഴടങ്ങാൻ തയാറാണെന്നും നടിയോടും കുടുംബത്തോടും മാപ്പു ചോദിക്കാൻ തയാറാണെന്നുമായിരുന്നു സന്ദേശത്തിൽ. ഇതിനിടെയാണ് പ്രതികൾക്ക് മാപ്പ് നൽകിയെന്നറിയിച്ച് ഇൻസ്റ്റഗ്രാമിലൂടെ അപമാനത്തിനിരയായ നടി രംഗത്തെത്തിയത്. പിന്തുണച്ച പൊലീസിനും മാധ്യമങ്ങൾക്കും കുടുംബത്തിനും നടി നന്ദി അറിയിച്ചു.

അതെ സമയം പ്രതികളെ രാത്രി വൈകിയും സ്‌റ്റേഷനിലെത്തിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ കളമശേരി ഇന്‍സ്‌പെക്ടറും സംഘവും കടന്നമണ്ണയിലെ ആദിലിന്റെ വീട്ടിലെത്തിയിരുന്നു. കരിമലയിലെ റംഷാദിന്റെ വീട്ടില്‍ മങ്കട സിഐയുടെ നേതൃത്വത്തിലും പൊലീസെത്തി. അഭിഭാഷകന്റെ നിര്‍ദേശപ്രകാരം ഒളിവില്‍ പോയെന്നാണു യുവാക്കള്‍ പറയുന്നത്.

നടിയെ മനപൂര്‍വം അപമാനിക്കുകയോ പിന്തുടരുകയോ ചെയ്തില്ലെന്നാണു വിഡിയോ സന്ദേശത്തില്‍ പ്രതികള്‍ പറയുന്നത്. റംഷാദിന്റെ പിതാവിന്റെ പേരിലുള്ള കാറിന്റെ എസി തകരാര്‍ തീര്‍ക്കുന്നതിനു തൃശൂരിലെ വര്‍ക്‌ഷോപ്പിലെത്തി വാഹനം ഏല്‍പിച്ച ശേഷമാണു ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്കു പോയതെന്നും ഇവര്‍ പറയുന്നു. അഭിമുഖത്തിനു ശേഷം മടക്ക ട്രെയിനിന്റെ സമയം ആകുന്നതുവരെ ലുലു മാളില്‍ ചെലവഴിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ദുരുദ്ദേശ്യത്തോടെയല്ല മാളിലെത്തിയതെന്നാണ് യുവാക്കള്‍ പറയുന്നത്. അവിടെ വച്ചു നടിയെ കാണുകയും അടുത്തു പോയി സംസാരിക്കുകയും ചെയ്തു. നടിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. മറ്റൊരു കുടുംബം നടിയോടൊപ്പം സെല്‍ഫി എടുക്കുന്നതു കണ്ടാണ് അടുത്തു ചെന്നു സംസാരിച്ചത്. തിരക്കിനിടെ നടിയെ അബദ്ധത്തില്‍ സ്പര്‍ശിച്ചോ എന്ന കാര്യം അറിയില്ല. എന്തെങ്കിലും തരത്തില്‍ മോശം പെരുമാറ്റം തങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്നുമാണ് വിഡിയോ സന്ദേശത്തില്‍ പറയുന്നത്.

യുവാക്കള്‍ ഇരുവരും ഓട്ടമൊബീല്‍ കോഴ്‌സ് കഴിഞ്ഞ ശേഷം ജോലി അന്വേഷണത്തിലാണ്. രണ്ടു പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ മറ്റു കേസുകളോ ഇല്ലെന്നു മങ്കട പൊലീസ് പറയുന്നു. ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യമെടുക്കാൻ പ്രതികൾ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് അപേക്ഷ പിൻവലിച്ചിരുന്നു. അതേസമയം, കേസ് പിൻവലിച്ചില്ലെങ്കിൽ നടപടികളുമായി മുന്നോട്ടു പോകുമെന്നാണു പൊലീസ് നിലപാട്.

Noora T Noora T :