ചലച്ചിത്ര സംവിധായകൻ ഫെര്‍ണാന്‍ഡോ പിനോ സൊളാനസ് അന്തരിച്ചു. 84 വയസായിരുന്നു.അര്‍ജന്‍റൈന്‍ വിദേശകാര്യ മന്ത്രാലയമാണ് സംവിധായകന്‍റെ മരണവാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. കോവിഡ് ബാധയെ തുടർന്ന് പാരീസിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസം 16നാണ് തനിക്കും ഭാര്യ ഏയ്ഞ്ചല കൊറിയക്കും കൊവിഡ് ബാധിച്ചതായി അദ്ദേഹം ആരാധകരെ അറിയിച്ചത്. പാരീസിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യവും അന്നദ്ദേഹം പങ്കുവച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെങ്കിലും താന്‍ രോഗത്തെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന അവസാനത്തെ ട്വീറ്റായിരുന്നു അത്.
മുന്‍ സെനറ്ററായ ഫെർണാൻഡോ നിലവില്‍ യുനെസ്കോയിലേക്കുള്ള അര്‍ജന്‍റീനയുടെ അംബാസിഡർ കൂടിയാണ്. 2019ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം സൊളാനസിനായിരുന്നു.