കെപിഎസ്‌സി ലളിത പറയുന്നത് പച്ചക്കള്ളം; പട്ടികജാതിക്കാരനായതു കൊണ്ട് അവഗണ നേരിട്ടു


കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ നടന്നത് സർക്കാർ സ്പോൺസേഡ് ദലിത് പീഡനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സംഗീത നാടക അക്കാദമിയിലെ ദലിത് പീഡനത്തിൽ പ്രതിഷേധിച്ച് പട്ടികജാതിമോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണ്.

അക്കാദമിക്കു മുന്നിൽ ദിവസങ്ങളോളം രാമകൃഷ്ണൻ സമരം ചെയ്തിട്ടും അതിൽ ഇടപെടാൻ മുഖ്യമന്ത്രിയും, മന്ത്രി എ.കെ .ബാലനും തയാറാകാതെ വിവേചനത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്തത്. കേരള സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമികയെന്ന ഓൺലൈൻ നൃത്ത പരിപാടിയിൽ രാമകൃഷ്ണൻ പങ്കെടുത്താൽ സ്ഥാപനത്തിന്റെ നിലവാരവും ഇമേജും നഷ്ടപ്പെടുമെന്നും അതിനാൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നും അക്കാദമി ഭാരവാഹികൾ പറഞ്ഞു. ഇതു പട്ടികജാതിക്കാരനെ മാറ്റി നിർത്തിയുള്ള അയിത്താചരണമാണ്.

കെപിഎസി ലളിതയേയും രാധാകൃഷ്ണൻ നായരെയും ഭരണസമിതിയിൽ നിന്നും പുറത്താക്കി അവർക്കെതിരെ അയിത്താചരണത്തിനും പട്ടികജാതി പീഡനത്തിനും കേസെടുക്കണം. രാമകൃഷ്ണനെ നിരവധി തവണ അപമാനിച്ച കെപിഎസ്‌സി ലളിത ഇപ്പോൾ പച്ചക്കള്ളം പറയുകയാണ്. പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു. പട്ടിക ജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ, ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്, മുട്ടത്തറ പ്രശാന്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Noora T Noora T :