കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ദിലീപിനെതിരെയുള്ള മൊഴിയാണ് ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയ മുഴുവനായും ഭാമയ്ക്ക് എതിരെ തിരിഞ്ഞു.
സുഹൃത്തായി ഒപ്പംനിന്നിട്ട് ഒടുവില്‍ ചതിച്ചു എന്നാണ് ഭാമയുടെ നീക്കത്തെ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് സെക്ഷന്‍ ഡിസേബിള്‍ ചെയ്ത ഭാമ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. സ്വന്തം ചിത്രം കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ഫോട്ടോയ്ക്കൊപ്പം കുറിച്ച വാക്കുകള്‍ ശ്രദ്ധേനേടുന്നു. ‘യുദ്ധങ്ങള്‍ സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ്’, എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ ഭാമ പങ്കുവച്ചിരിക്കുന്നത്. ‘ബി ഒപ്റ്റിമിസ്റ്റിക്’ (ശുഭാപ്തിവിശ്വാസത്തോടെയിരിക്കുക) എന്നും ഭാമയുടെ സ്റ്റാറ്റസില്‍ കാണാം.
നടി ആക്രമിക്കപ്പെട്ട കേസിൽ സിദ്ദിഖും ഭാമയും നേരത്തെ കൂറുമാറിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളായ ഇരുവരും വിചാരണ കോടതിയിൽ സാക്ഷിവിസ്താരത്തിനായി ഹാജരായപ്പോഴാണ് കൂറുമാറിയതായി അറിയിച്ചത്. കേസിൽ ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്. അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ഇവർ കോടതിയിൽ സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.