ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടരുകയാണ്. കേസ് നീട്ടരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി വിചാരണ പൂർത്തിയാക്കാൻ എട്ട് മാസം കൂടി അനുവദിക്കണമെന്ന വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചിരുന്നു.

അതിനിടെ കേസിൽ നടൻ ദിലീപന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്.

നടി കേസിൽ 2017 ലാണ് ഹൈക്കോടതി ദിലീപിന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീക്കാനോ ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇതിനിടയിൽ കേസ് അട്ടിമറിക്കാൻ ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിച്ചെന്നാരോപിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചെന്നും പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നടക്കമായിന്നു ആരോപണങ്ങൾ. വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്‍റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ‌

ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയായിരുന്നു ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചത്. കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. . മുംബൈയിലെ സ്വകാര്യ ലാബില്‍ കൊണ്ടുപോയി ഫോണിലെ വിവരങ്ങൾ ദിലീപ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. മാത്രമല്ല സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്‍റെ സഹായത്തോടെയും ദിലീപ് ഫോണിലുള്ള വിവരങ്ങൾ നശിപ്പിച്ചെന്നും കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട വാദപ്രതിവാദത്തിനൊടുവിൽ വിചാരണക്കോടതി ക്രൈംബ്രാഞ്ച് ഹർജി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങൾ ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. ദിലീപിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദ സന്ദേശങ്ങൾ കോടതി പരിഗണിച്ചില്ലെന്ന ആക്ഷേപവും ക്രൈംബ്രാഞ്ച് ഉയർത്തുന്നു. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Noora T Noora T :