‘കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങളാണ്’, അപർണ നായരുടെ പോസ്റ്റിൽ ദുരൂഹത; നടി പറയാൻ ബാക്കിവെച്ചത്

രണ്ട് പൊന്നോമന പെൺകുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് നടി അപർണ നായരുടെഅപ്രതീക്ഷിത വിടവാങ്ങൽ. അപർണയുടെ മരണത്തിന് പിന്നാലെ ഭർത്താവിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്ത് എത്തിയിരുന്നു. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്താലാണ് അപർണ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ മൊഴി.

ജീവിതത്തിൽ അപർണ ഒറ്റപ്പെടലുകൾ അനുഭവിച്ചിരുന്നുവെന്ന് ശരിവയ്ക്കുന്നതാണ് നടി അവസാന നിമിഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റും. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാകാം എന്ന് തുടങ്ങുന്ന ഓഡിയോയോടൊപ്പം ചിരിക്കുന്ന സ്വന്തം ചിത്രങ്ങളുള്ള വിഡിയോയാണ് അപർണ പങ്കുവച്ചിരിക്കുന്നത്. അപർണ നായരുടെ ഒരുമിക്ക പോസ്റ്റിലും എന്തോ ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഇപ്പോൾ ആരാധകരടക്കം പറയുന്നത്

അപർണയുടെ ഒടുവിലത്തെ പോസ്റ്റിൽ ഇളയമകളുടെ സന്തോഷത്തോടെയുള്ള പുഞ്ചിരി നിറയുന്ന ചിത്രമാണുള്ളത്. പക്ഷേ അതിനോടടുത്തുള്ള മറ്റൊരു പോസ്റ്റിൽ അപർണ പറയാൻ ബാക്കിവച്ച എന്തെല്ലാമോ അടങ്ങിയിരിക്കുന്നു. അപർണയുടെ തന്നെ ചിത്രങ്ങൾ കൂട്ടിയോജിപ്പിച്ച വിഡിയോയിലെ വാക്കുകളാണ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചകൾക്കു വഴി വച്ചിരിക്കുന്നത്.

അപർണയുടെ വിഡിയോയിലെ വോയിസ്ഓവർ ഇങ്ങനെ:

‘‘ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, ഒരുപാട് വാശിയുള്ളവകളാകാം, എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം. എന്നാൽ ശരിക്കുമവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി, സ്വന്തമായി ആശ്വസിക്കുന്നവളാണ്…ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക. അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങളാണ്.’’

ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ കുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമാണ് അപർണ പലപ്പോഴും പങ്കുവച്ചിരുന്നത്. അതുകൊണ്ട് തന്നെ ജീവനൊടുക്കാൻ മാത്രം എന്തു വിഷമമായിരുന്നു അപർണയുടെ ഉള്ളിലുണ്ടായിരുന്നതെന്നാണ് ഉറ്റവരും ചോദിക്കുന്നത്. ഒടുവിലത്തെ പോസ്റ്റിൽ ഇളയമകളുടെ സന്തോഷത്തോടെയുള്ള പുഞ്ചിരിയാണ് നിറയുന്നതെങ്കിലും പറയാൻ എന്തെല്ലാമോ ബാക്കിവച്ചിരുന്നു എന്നാണ് അപർണ പങ്കുവച്ച വിഡിയോയിൽ നിന്ന് മനസിലാകുന്നത്. ഒരുപാട് വേദനകളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് മറ്റുള്ളവരെ അറിയിക്കാൻ അപർണ ശ്രമിക്കുന്നതുപോലെയാണ് ആ വിഡിയോയുടെ ഉള്ളടക്കം.

വൈകിട്ട് ഏഴരയോടെയാണ് അപർണയെ കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്ക്ക് കരമന തളിയിൽ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയിൽ അപർണ തൂങ്ങി നിൽക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു.

ഐശ്വര്യ വീട്ടിലെത്തിയപ്പോൾ അപർണ കട്ടിലിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്ഐആറിൽ പറയുന്നു. അപർണയുടെ അവസാന സന്ദേശം അമ്മയ്ക്കായിരുന്നു.

അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ, വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താൻ പോകുകയാണെന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്.

Noora T Noora T :