സീരിയൽ സിനിമ താരം അപര്‍ണ നായരുടെ മരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അജിതന്‍. അപര്‍ണ ആദ്യമായി നായികയായ നല്ല വിശേഷം എന്ന സിനിമയുടെ സംവിധായകനാണ് അജിതന്‍.
നന്നായി അഭിനയിക്കുന്ന കുട്ടിയായിരുന്നു അപര്‍ണ. പറഞ്ഞു കൊടുക്കുന്നത് എളുപ്പം മനസിലാക്കി അതുപോലെ ചെയ്യും. സെറ്റില്‍ ഒരു പ്രശ്‌നവും ഉണ്ടാക്കിയിരുന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. എല്ലാവരോടും നന്നായി ഇടപെടുന്ന, പക്വതയുള്ള, അഹംഭാവമില്ലാത്ത കുട്ടിയായിരുന്നു അപര്‍ണയെന്നും അദ്ദേഹം പറയുന്നു. അതേസമയം അപര്‍ണയ്ക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തനിക്ക് തോന്നിയിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. രാവിലെ തങ്ങളുടെ സിനിമയുടെ എക്‌സിക്യൂട്ടീവ് വിളിച്ച് പറഞ്ഞപ്പോഴാണ് അജിതന്‍ മരണ വാര്‍ത്ത അറിയുന്നത്. എന്തിനാണ് അപര്‍ണ ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറയുന്നു. അപര്‍ണയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി തനിക്ക് തോന്നിയിരുന്നുവെന്നും പിന്നീട് അപര്‍ണ തന്നെ അക്കാര്യം പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
കൂടാതെ അപര്‍ണയെ തേടി ഒരു സീരിയലില്‍ പ്രധാന വേഷം ചെയ്യാനുള്ള അവസരം എത്തിയതായി താന്‍ അറിഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. അടുത്ത ആഴ്ചയായിരുന്നു ആ സീരിയലിന്റെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്. ഇതിനിടെയിലാണ് ഇതൊക്കെ സംഭവിച്ചതെന്നും എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ സംവിധാനം ചെയ്ത നല്ല വിശേഷം എന്ന സിനിമയിലേക്ക് അപര്‍ണ എത്തിയത് എങ്ങനെയെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത് അപര്‍ണ. സീരിയില്‍ കണ്ടു നോക്കിയപ്പോള്‍ നന്നായി അഭിനയിക്കുന്നയാളാണെന്ന് മനസിലായി. അന്നത്തെ നായികമാരൊക്കെ വലിയ പ്രതിഫലമായിരുന്നു ചോദിച്ചിരുന്നത്. അപര്‍ണയോട് ഇത്രയാണ് തരാന്‍ പറ്റുന്നത് എന്ന് പറഞ്ഞപ്പോള്‍ അപര്‍ണ സന്തോഷത്തോടെ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് അജിതന്‍ പറയുന്നത്. നല്ല പെരുമാറ്റവും പിന്തുണയുമായി തന്നെയാണ് അപര്‍ണ ഷൂട്ടിലുടനീളം കൂടെ നിന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു.
വ്യാഴാഴ്ച രാത്രി 7.30 യോടെയാണ് അപര്‍ണയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അപര്‍ണ ജീവനൊടുക്കിയത് എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ബാക്കിയാകുന്നത്.
താരം കഴിഞ്ഞ കുറച്ച് നാളുകളായി പങ്കുവച്ചിരുന്ന പോസ്റ്റുകളില്‍ വിഷാദവും നിരാശയും പ്രകടമായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രണ്ടാഴ്ച മുമ്പാണ് അപര്‍ണ സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് അപര്‍ണ തന്റെ അമ്മയെ വിളിച്ച് താന്‍ പോവുകയാണെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.