രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധം, സാമ്പത്തിക ഇടപാടുകളുടെ രേഖകളും കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ; അമിക്കസ് ക്യൂരിയെ ഒഴിവാക്കും

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ വീഡിയ ദൃശ്യങ്ങള്‍ ചോർന്നെന്ന ആരോപണത്തില്‍ നിർണ്ണായക ഇടപെടലായിരുന്നു കഴിഞ്ഞ ദിവസം
ഹൈക്കോടതി നടത്തിയത്. അതിജീവിതയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. നടിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം തേടി കോടതി അമിക്കസ് ക്യൂറിയായി രഞ്ജിത് മാരാരെയാണ് നിയമിച്ചത്

എന്നാൽ ഈ അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് കോടതി ഒഴിവാക്കാൻ തീരുമാനമെടുത്തത്. അതേസമയം, തന്നെ ഒഴിവക്കണമെന്ന് രഞ്ജിത്ത് മാരാറും അവശ്യപ്പെട്ടു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയത്.

മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ചോർത്തിയ പ്രതികളെ ഉണ്ടെങ്കിൽ കണ്ടെത്തണം. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞിരുന്നു.

എന്നാൽ ഇത് എതിർത്ത് ദിലീപ് ഹർജി നൽകി. മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോയെന്ന നിർണ്ണായക ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നില്‍കിയ ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു അതിജീവിതമാരുടെ ദൃശ്യങ്ങള്‍ വിചാരണക്കിടയില്‍ കോടതിയില്‍ നിന്നും ചോരുന്ന സംഭവങ്ങളില്‍ മാർഗ്ഗ നിർദ്ദേശം വേണമെന്ന കാര്യം നടിയുടെ അഭിഭാഷകനായ ഗൗരവ് അഗർവാൾ കോടതിക്ക് മുമ്പാകെ ആവശ്യപ്പെടുന്നത്. വിഷയം പഠിച്ചതിന് ശേഷം ഇതിന്മേലുള്ള മാർഗ്ഗ നിർദേശങ്ങള്‍ വിശദമായി തന്നെ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. നടിയെ അക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ രാത്രി സമയത്ത് പരിശോധിച്ചത് കോടതിയുടെ ഏതെങ്കിലും തരത്തിലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണോയെന്നും കോടതി ചോദിച്ചു. തെളിവായി കോടതിയിലെത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കപ്പെട്ടത് മൗലികാവകാശങ്ങളുടെ ലംഘനമാണ്, അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ അന്വേഷണം വേണം. കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറികാര്‍ഡിനുള്ളിലെ ദൃശ്യങ്ങളടങ്ങിയ എട്ട് ഫയലുകള്‍ ചോര്‍ന്നു എന്നതിന് ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് അനുസരിച്ച് സ്ഥിരീകരണമുണ്ടെന്നും അതിജീവിതയുടെ അഭിഭാഷകനായ ഗൗരവ് അഗർവാൾ വാദിച്ചു. ഹർജിയില്‍ അതിജീവിതയുടെ കൂടെ വാദം പൂർത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി. അടുത്ത ദിവസം തന്നെ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷ.

Noora T Noora T :