ഒറ്റപ്പാലത്ത് ഗണേശോത്സവത്തിൽ പങ്കെടുത്ത് ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ല. കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം. ഇതെല്ലാം ഒരു വിശ്വാസി എന്ന നിലയിൽ തന്നെ വേദനിപ്പിക്കുന്നുണ്ട്. മാളികപ്പുറം ഇറങ്ങിയപ്പോൾ അതിനെ വളഞ്ഞിട്ട് ആക്രമിച്ചു. ഇത് ഭാരതമാണ്. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരേപോലെ ജീവിക്കാൻ ഈ രാജ്യത്ത് സ്വാതന്ത്ര്യം ഉണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. .
‘ഗണപതി ഭഗവാൻ മിത്താണെന്ന് ചിലർ പറഞ്ഞു. പക്ഷെ, ഒറ്റപ്പാലത്ത് മിത്തല്ല. വളരെ സന്തോഷമുണ്ട് ഒറ്റപ്പാലത്ത് വരാൻ സാധിച്ചതിൽ. കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഞാൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അന്ന് ചിലർ എന്നോട് ചോദിച്ചു എന്തിനാണ് പരസ്യമായി ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന്. ഞാൻ ഒരു വിശ്വാസിയാണ്. ഞാൻ കുട്ടിക്കാലം മുതൽക്കെ ഒരു വിശ്വാസിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും പോയാൽ അവിടെയുള്ള ക്ഷേത്രങ്ങൾ ഞാൻ സന്ദർശിക്കാറുണ്ട്. എന്റെ വിശ്വാസത്തെ പറഞ്ഞാൽ എനിക്ക് ദുഃഖം ഉണ്ട്. അത് വിശ്വാസി സമൂഹത്തിന്റെ മുന്നിൽ ഞാൻ പ്രകടിപ്പിച്ചു. അത്രമാത്രം. എന്റെ ഭാഗത്ത് തെറ്റുണ്ടോ എന്ന് അറിയില്ല. വിശ്വാസങ്ങളെപ്പറ്റി പറയുന്നവർ കുറച്ച് ശ്രദ്ധിക്കണം. ഗണപതിക്ക് ഒരു മിത്തിന്റെ സ്ഥാനം ഇവിടെ ഉണ്ടാവരുത്. ഗണപതി ഭഗവാനെപ്പറ്റി പറയുമ്പോൾ നമ്മൾ പ്രതികരിക്കണം’.
‘മതങ്ങളെ തമ്മിൽ തെറ്റിക്കാനല്ല നമ്മൾ ഒന്നും പറയുന്നത്. വിശ്വാസി സമൂഹത്തോട് എനിക്ക് പറയാൻ യൂട്യൂബ് ചാനൽ ഒന്നുമില്ല. ഇത്തരത്തിലുള്ള പബ്ലിക്ക് പ്ലാറ്റ്ഫോമുകളെ ഉള്ളൂ. അതുകൊണ്ട് ഞാൻ പറയും. ആരോടും ദേഷ്യമില്ല. സിനിമാ നടൻ ആയതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറയരുതെന്നോ, അതല്ലെങ്കിൽ പേടിച്ചിരിക്കണമെന്നോ ഇല്ല. മാളികപ്പുറം സിനിമ ചെയ്യാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ചിലർ ചോദിച്ചത്. മാളികപ്പുറം കേരളത്തിലിറങ്ങുന്ന ആദ്യത്തെ ഭക്തി സിനിമയൊന്നുമല്ല. നന്ദനം പോലുള്ള സിനിമകളെല്ലാം കേരളത്തിൽ വിജയിച്ചതാണ്. ഈ സിനിമ കണ്ടാണ് അയ്യപ്പനെപ്പറ്റി ഒരു സിനിമ ചെയ്യാമെന്ന് ഞങ്ങൾ വിചാരിച്ചത്. പക്ഷെ, ഇത്തരത്തിലൊരു സിനിമ എടുത്തപ്പോൾ എനിക്ക് നേരെയുണ്ടായ അക്രമങ്ങൾ പറയാൻ കഴിയില്ല. എന്നാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ സപ്പോർട്ട് കൊണ്ടും ഏറ്റവും വലിയ വിജയമായി മാറി മാളികപ്പുറം’.
‘എനിക്കിതൊക്കെ പറയാൻ പ്രത്യേക നട്ടെൽ ഒന്നും വേണ്ട. ഇത് ഇന്ത്യയാണ്. വിശ്വാസികൾക്കും വിശ്വാസം ഇല്ലാത്തവർക്കും ഒരേപോലെ ജീവിക്കാൻ കഴിയുന്ന നാടാണ് ഇന്ത്യ. നിങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും അവഹേളിച്ചാൽ അതിനോട് പ്രതികരിക്കണം. ഇവിടെ ജയ് ശ്രീറാം എന്ന് പറഞ്ഞാൽ ഭയങ്കര പ്രശ്‌നമാണ്. അത് ഏതെങ്കിലും രാഷ്‌ട്രീയ മുദ്രാവാക്യമല്ല. ഞാൻ ആരാധിക്കുന്ന, ഞാൻ വിശ്വസിക്കുന്ന ശ്രീരാമനെ ഞാൻ വന്ദിക്കും. ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം. ഇതൊക്കെ നമുക്ക് വിഷമം ഉണ്ടാക്കുന്നതാണ്. കേരളത്തിൽ എല്ലാ മതത്തിലുള്ള വിശ്വാസികളുമുണ്ട്. മാളികപ്പുറത്തിന്റെ എഡിറ്റർ തന്നെ ഒരു ഇസ്ലാം വിശ്വാസിയാണ്. പക്ഷെ, മാളികപ്പുറം എന്തോ അജൻണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചു’- ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദനൊപ്പം നടി അനുശ്രീയും മാളികപ്പുറം ടീമും പരിപാടിയിൽ പങ്കെടുത്തു.