മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്… ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം, ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നത്; കോടതിയിൽ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണ്ണായക ദിനമാണ്. കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുകയാണ്. ദിലീപിന്റെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം
അതിനിടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ . അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയുടെ വാദത്തിനിടെയാണ് അതിജീവിതയുടെ ആവശ്യം. ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയിൽ ചോദിച്ചു.

മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാർഡ് ചോർത്തിയ പ്രതികളെ ഉണ്ടെങ്കിൽ കണ്ടെത്തണം. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപിൻ്റെ ആവശ്യം. കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശം. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തി. ഹർജിയിൽ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസിൽ എഫ്എസ്എൽ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ട വിവരം പുറത്തുവന്നത്. പിന്നാലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആ ഹര്‍ജിയില്‍ വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് തടസ്സഹര്‍ജിയുമായി ദിലീപ് കോടതിയെ സമീപിച്ചത്. അതിജീവിതയുടെ അഭിഭാഷകന്റെ വാദം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അതിന് ശേഷം അതിജീവിത ഉന്നയിച്ച ഹര്‍ജിയില്‍ അന്വേഷണം വേണമോയെന്ന് കോടതി തീരുമാനിക്കും. ഈ ഘട്ടത്തിലാണ് നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവൂ എന്ന തടസ്സ ഹര്‍ജിയുമായി ദിലീപ് കോടതിയിലെത്തിയത്.

സംഭവത്തില്‍ അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നത് കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജിയിലാണ് ദിലീപ് നേരത്തെ തന്റെ ഭാഗം അറിയിച്ചത്.

Noora T Noora T :