ആനക്കൊമ്പ് കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം; ട്വിസ്റ്റിലേക്ക്

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണം. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് നിർദ്ദേശിച്ചു. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

കേസിൽ ഒന്നാം പ്രതിയാണ് മോഹൻലാൽ. തൃശൂർ സ്വദേശി പി.എൻ.കൃഷ്ണകുമാർ, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാർ, നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നാല് ആനക്കൊമ്പുകൾ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് മോഹൻലാൽ ആനക്കൊമ്പുകൾ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം.

വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു. എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിനു നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സർക്കാരും സ്വീകരിച്ചത്. എന്നാൽ ഇരുവിഭാഗത്തിനും പ്രതികൂലമായി നിലപാടാണ് നിലവിൽ കോടതി സ്വീകരിച്ചിരിക്കുന്നത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ ഉന്നയിച്ച വാദം.

രണ്ടു ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്.

മോഹന്‍ലാലിന്റെ പരാതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യവനപാലകന്‍ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് മറ്റു പ്രതികള്‍ ഉപഹാരമായി നല്‍കിയതാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ കൈവശാനുമതി നല്‍കുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസില്‍ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഏതായാലും കേസിൽ നവംബർ മൂന്നിന് മോഹൻലാൽ നേരിട്ട് ഹാജരാകുമോയെന്ന് കണ്ടറിയാം

Noora T Noora T :